സർക്കാർ ജീവനക്കാരുടെ ഡിഎ ഉടൻ വർധിക്കും; ശമ്പളം 27,000 രൂപ വരെ ഉയർന്നേക്കും

0

ന്യൂ ഡൽഹി : കേന്ദ്ര സർക്കാരിന്റെ ജീവനക്കാർക്കും പെൻഷൻ ഉപഭോക്താക്കൾക്കും സന്തോഷ വാർത്ത. കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ, ഡിആർ) വർധിപ്പിക്കാൻ ഒരുങ്ങുന്നു.  വർഷത്തിൽ രണ്ട് തവണയാണ് സർക്കാർ ജീവനക്കാരുടെ ഡിഎ ഉയർത്തുന്നത്. ഈ വർഷം ആദ്യം, ജനുവരിയിൽ കേന്ദ്രം ക്ഷാമബത്ത 3 ശതമാനം ഉയർത്തിയിരുന്നു. രാജ്യത്തെ വില കയറ്റം വിലയിരുത്തിയാണ് ഡിഎ വർധന കേന്ദ്രം നിശ്ചിയിക്കുന്നത്.

ജൂലൈ ആദ്യം തന്നെ ജീവനക്കാർക്കുള്ള ഡിഎ വർധനവ് കേന്ദ്രം പ്രഖ്യാപിച്ചേക്കും. നിലവിലെ വില കയറ്റവും പണപ്പെരുപ്പവും പരിഗണിച്ച് സർക്കാർ ഡിഎ നാല് ശതമാനം വർധിപ്പിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരിയിൽ 3% ഡിഎ വർധിപ്പിച്ചപ്പോൾ ജീവനക്കാരുടെ ക്ഷാമബത്ത 31ൽ നിന്ന് 34 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തിരുന്നു. ഈ വർഷത്തെ അടുത്ത വർധനയിൽ ഡിഎ 38 ശതമാനത്തിലേക്ക് ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

കേന്ദ്രം നാല് ശതമാനം ക്ഷാമബത്ത് വർധിപ്പിച്ചാൽ, 56,900 രൂപ അടിസ്ഥാന ശമ്പളം ഉള്ള ഒരു ജീവനക്കാരന് ഡിഎ 21,622 രൂപ ലഭിക്കും. നിലവിലെ ഡിഎ നിരക്ക് പ്രകാരം 19,346 രൂപയാണ് ക്ഷാമബത്തയായി സർക്കാർ നൽകുന്നത്. ജൂലൈയിൽ കേന്ദ്രം നാല് ശതമാനമായി ഡിഎ ഉയർത്തിയാൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ 2,276 രൂപയാണ് വർധിക്കാൻ പോകുന്നത്. അതായത് വാർഷിക വരുമാനത്തിൽ 27,312 രൂപയാണ് 56,900 രൂപ അടിസ്ഥാന ശമ്പളം ഉള്ള ഒരു ജീവനക്കാരന് ജൂലൈയിലെ ഡിഎ വർധനവിലൂടെ അധികം ലഭിക്കാൻ പോകുന്നത്.

Leave A Reply

Your email address will not be published.