വെറുതെയല്ല ഇവിടെ പടവലങ്ങ പോലായത് ; ‘കൈ’യയച്ച് സഹായിച്ചാല്‍ കെട്ടിവെച്ച പണം പോകും: വി. ശിവന്‍കുട്ടി

0

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബി.ജെ.പിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

വെറുതെയല്ല ഇവിടെ പടവലങ്ങ പോലായത് ‘കൈ’യയച്ച് സഹായിച്ചാല്‍ കെട്ടിവെച്ച പണം പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രൂപം കൊണ്ടപ്പോള്‍ മുതല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച ചരിത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തൃക്കാക്കരയ്ക്ക് ഉള്ളത്. ഇത്തവണയും അതില്‍ മാറ്റമുണ്ടായില്ല.

ഡോ. ജോ ജോസഫ് തല ഉയര്‍ത്തിത്തന്നെയാണ് പോരാട്ട രംഗത്ത് നിന്ന് മടങ്ങുന്നത്. ഇത്രയും ക്രൂരമായ ദുഷ്പ്രചാരണം സമീപകാല തെരഞ്ഞെടുപ്പുകളില്‍ കണ്ടിട്ടില്ല. ഡോ. ജോ ജോസഫും പത്‌നി ഡോ. ദയ പാസ്‌കലും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രാകാരം ആകെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്ന് (16.7%) എങ്കിലും നേടിയില്ലെങ്കില്‍ കെട്ടിവച്ച കാശ് നഷ്ടമാകും. കെട്ടിവച്ച കാശും അദ്ദേഹത്തിന് നഷ്ടമാകും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് പോസ്റ്റല്‍ വോട്ടടക്കം 1,35,349 വോട്ടുകളാണ് തൃക്കാക്കരയില്‍ ആകെ പോള്‍ ചെയ്തത്.ഇതിന്റെ ആറിലൊന്നായ 22,551 വോട്ടുകള്‍ നേടിയെങ്കില്‍ മാത്രമേ കെട്ടിവച്ച കാശ് തിരികെ ലഭിക്കൂ. എന്നാല്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് 12,957 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇതോടെ കെട്ടിവച്ച കാശ് അദ്ദേഹത്തിന് നഷ്ടമാകുമെന്നാണ് വിവരം.

Leave A Reply

Your email address will not be published.