തിങ്കളാഴ്ച ഹാജരാകണം, വിദ്വേഷ പ്രസം​ഗ കേസിൽ പിസി ജോർജിന് വീണ്ടും നോട്ടീസ്

0

കോട്ടയം: വിദ്വേഷ പ്രസം​ഗ കേസിൽ പിസി ജോർജിന് വീണ്ടും നോട്ടീസ് അയച്ച് പോലീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോർട്ട്‌ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഇന്നലെ (ജൂൺ 4) ആണ് പോലീസ് നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനിരിക്കെ പിസി ജോർജിന് പോലീസ് നോട്ടീസ് അയച്ചിരുന്നു. എന്നാൽ അന്ന് അദ്ദേഹം ഹാജരായില്ല. ആരോ​ഗ്യപ്രശ്നങ്ങൾ മൂലം ഹാജരാകാൻ സാധിക്കില്ല എന്നായിരുന്നു പിസി ജോർജ് മറുപടി നൽകിയിരുന്നത്.

തിരുവനന്തപുരത്തെ വിദ്വേഷ പ്രസം​ഗ കേസിൽ പിസി ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു കോടതി. അന്വേഷണ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് പിസി ജോർജ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് തൃക്കാക്കരയിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് ആദ്യത്തെ തവണ പോലീസ് നോട്ടീസ് അയക്കുന്നത്.

അനന്തപുരി ഹിന്ദുമഹാ സമ്മേളത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി സി ജോർജിനെതിരെ ആദ്യം പോലീസ് കേസെടുത്തിരുന്നത്. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യത്തിലിരിക്കെയാണ്  പി സി ജോർജ് വീണ്ടും കൊച്ചിയിൽ വിദ്വേഷ പ്രസംഗം നടത്തിയത്.

വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാനും മനഃപൂ‍ർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തി കേസ് എടുത്തത്. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയും വ്രണപ്പെടുത്തിയതിനാണ് സെക്ഷൻ 295 എ യും ചുമത്തിയിരുന്നത്. കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി അംഗീകരിച്ചതോടെ പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

Leave A Reply

Your email address will not be published.