പൂപ്പാറ കൂട്ടബലാത്സംഗ കേസ്; ഇതരസംസ്ഥാനക്കാരായ രണ്ട് പേർ കൂടി അറസ്റ്റിൽ

0

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശികളായ മഹേഷ്‌ കുമാർ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്റ്റിലായത്. കൗൺസിലിങ്ങിനിടെ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയെ ഇവർ പീഡിപ്പിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. രണ്ട് പേർ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി.

പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, ശിവ, സു​ഗന്ധ് എന്നിവരെ കൂടാതെ പ്രായപൂർത്തിയാകാത്ത രണ്ടു പേരെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ  പ്രായപൂർത്തിയാകാത്ത രണ്ട് പേർക്ക് ജാമ്യവും അനുവദിച്ചിട്ടുണ്ട്. ജാമ്യം നൽകിയത് തൊടുപുഴ ജ്യൂവനൈൽ ജസ്റ്റീസ് ബോർഡാണ്. നാല് പേർ തന്നെ ബലാത്സം​ഗം ചെയ്തുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ശിവ, സുഗന്ത്, സാമുവൽ എന്നിവരെ പെൺകുട്ടി തിരിച്ചറിഞ്ഞു. അറസ്റ്റിലായ മറ്റ് പ്രതികൾ പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദച്ചവരും സഹായം ചെയ്തു കൊടുത്തവരുമാണ്. ഫൊറൻസിക് സംഘം സംഭവ സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ എത്തിയപ്പോഴാണ്  പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.  പശ്ചിമബംഗാൾ സ്വദേശിയാണ് പെൺകുട്ടി. രാജാക്കാട് ഖജനാപ്പാറയിലെ തോട്ടംതൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ബംഗാൾ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയിലാണ് പെൺകുട്ടി പൂപ്പാറയിലെത്തിയത്.

ഇരുവരും എസ്റ്റേറ്റ് പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി അവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായി അഞ്ച് പേർ ഇവരുടെ അടുത്തെത്തിയത്. ഇവർ പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  ഇതിനിടയിൽ പതിനഞ്ചുകാരി ബഹളം വച്ചതോടെ അതുവഴി പോയ നാട്ടുകാരിൽ ചിലരെത്തുകയും തുടർന്ന്  പ്രതികൾ ഓടി രക്ഷപ്പെടുകയുമായിരുന്നു. ശേഷം നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തുകയും പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.