വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യക്ക് അപമാനം: രാഹുല്‍ ഗാന്ധി

0

ന്യൂദല്‍ഹി: കര്‍ണാടകയില്‍ പാഠപുസ്തകങ്ങളുടെ സിലബസില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള കാവിവല്‍ക്കരണത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

സാമൂഹ്യനീതിയും ലിംഗസമത്വവുമെല്ലാം ഒഴിവാക്കി വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നത് വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യക്ക് അപമാനമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

സാമൂഹ്യനീതി, മഹാന്മാരുടെ ഐക്യം, മാനവികത എന്നിവയുടെ തത്വങ്ങളാണ് കര്‍ണാടകയിലെ ജനങ്ങള്‍ എന്നും പിന്തുടരുന്നത്. സംസ്ഥാനത്തിന്റെ ആത്മാഭിമാനത്തിന് കോട്ടം തട്ടുമ്പോള്‍ എല്ലാവരും യോജിച്ച് അതിനെ നേരിടുമെന്ന കര്‍ണാടകയിലെ ജനങ്ങള്‍ പലതവണ തെളിയിച്ചതാണ്.

ഡോ.ബി.ആര്‍. അംബേദ്കര്‍, ബുദ്ധ-ബസവണ്ണ, നാരായണഗുരു, കുവെമ്പു തുടങ്ങി ഒട്ടനവധി മഹത് വ്യക്തികളുടെ ജീവിതത്തിനെതിരായ സന്ദേശങ്ങളാണ് പാഠപുസ്തകങ്ങളിലൂടെ ബി.ജെ.പി കുട്ടികളെ പഠിപ്പിക്കാന്‍ പോകുന്നത്.
കര്‍ണാടകയിലെ ഒരു കോടി കുട്ടികളുടെ ഭാവി അര്‍ഹതയില്ലാത്ത കൈകളിലാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

കര്‍ണാടകയിലെ കുട്ടികളില്‍ മാരകമായ പാഠം അടിച്ചേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും
സംസ്ഥാനത്തിന്റെയും, വിദ്യാര്‍ത്ഥികളുടെയും എഴുത്തുകാരുടെയും സംരക്ഷണത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പാഠപുസ്തകങ്ങളുടെ സിലബസില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള കാവിവല്‍ക്കരണത്തിനെതിരെ കര്‍ണാടകയില്‍ എഴുത്തുകാരുടെ പ്രതിഷേധം ശക്തമായിരുന്നു.ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗം പാഠപുസ്തക അവലോകന സമിതി ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് വന്‍ പ്രതിഷേധമുയര്‍ന്നത്.

സ്വാതന്ത്ര്യ സമര സേനാനികള്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയായിരുന്നു ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയത്

പാഠപുസ്തകത്തില്‍ ബസവണ്ണയെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും, വസ്തുതാപരമായ പിഴവുകള്‍ ഉണ്ടെന്നും നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതെല്ലാം നിഷേധിക്കുകയായിരുന്നു.അവലോകന സമിതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് നിരവധി എഴുത്തുകാരും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ അനുവാദത്തോടെ സമിതി സംസ്ഥാനത്തെ വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കുകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.കര്‍ണാടക പാഠപുസ്തക അവലോകന കമ്മിറ്റിയെ പിരിച്ചുവിട്ട് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ഉത്തരവിട്ടു. ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് കമ്മിറ്റി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Leave A Reply

Your email address will not be published.