വിക്രവും മേജറും ഇരട്ടി പ്രഹരമായി; പത്ത് കോടിയിലെത്താന്‍ വെള്ളം കുടിച്ച് സാമ്രാട്ട് പൃഥ്വിരാജ്

0

അക്ഷയ് കുമാര്‍ നായകനായി സാമ്രാട്ട് പൃഥ്വിരാജ് ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്തത്. ലോക സുന്ദരി പട്ടം നേടിയ മാനുഷി ചില്ലറിന്റെ അരങ്ങേറ്റം കൂടിയായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ബോക്‌സ് ഓഫീസ് കളക്ഷനിലും സാമ്രാട്ട് പൃഥ്വിരാജിന് നേട്ടം കൊയ്യാനാവുന്നില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ഹിന്ദിക്ക് പുരമേ തമിഴ്, തെലുങ്ക് ഭാഷകളിലുമെത്തിയ ചിത്രം പത്ത് കോടിയിലെത്താന്‍ വെള്ളം കുടിക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. തെന്നിന്ത്യന്‍ ചിത്രങ്ങളായ വിക്രവും മേജറുമാണ് സാമ്രാട്ട് പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്തത്. ഇത് ചിത്രത്തിന് ഇരട്ടി പ്രഹരമായിരിക്കുകയാണ്. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാക്കിയ മേജര്‍ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ കമല്‍ ഹാസന്‍ ചിത്രം വിക്രം ബോക്‌സ് ഓഫീസ് തേരോട്ടം നടത്തുകയാണ്.

വിക്രം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചപ്പോള്‍ 11 കോടി മാത്രമാണ് സാമ്രാട്ട് പൃഥ്വിരാജിന് നേടാനായത്.

പൃഥ്വിരാജ് ചൗഹാന്റെ ജീവിതം ആവിഷ്‌കരിച്ച ചിത്രത്തില്‍ അദ്ദേഹത്തിന്റെ പ്രണയിനി സന്‍യോഗിത ആയിട്ടാണ് മാനുഷി ചില്ലര്‍ എത്തിയത്. സഞ്ജയ് ദത്ത്, സോനു, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ എന്നിവരാണ് മറ്റ് കേന്ദകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സാമ്രാട്ട് പൃഥ്വിരാജിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി തിരക്കഥയൊരുക്കിയത്. മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹകന്‍. ശങ്കര്‍ എഹ്‌സാന്‍ ലോയ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹര, അങ്കിത് ബല്‍ഹര എന്നിവരാണ്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മാണം.

 

Leave A Reply

Your email address will not be published.