മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി അവഗണിക്കുന്നു; നടിയെ ആക്രമിച്ച കേസ് വിജയിക്കുമെന്ന് വിശ്വാസമില്ല: ദീദി ദാമോദരന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസ് വിജയിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ഡബ്ല്യൂ.സി.സി അംഗം ദീദി ദാമോദരന്‍.
പരാതി തുടര്‍ച്ചയായി അവഗണിക്കുന്നതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയക്കുന്നത് നിര്‍ത്തിയെന്നും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ സര്‍ക്കാര്‍ യൂ ടേണ്‍ എടുക്കുന്നുവെന്നും ദീദി ദാമോദരന്‍ ആരോപിച്ചു.
മീഡിയ വണ്ണിന് നല്കിയ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു ദീദി ദാമോദരന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയച്ചാല്‍ അത് കിട്ടിയെന്ന അറിയിപ്പ് പോലും ലഭിക്കാറില്ല. ഡബ്ല്യൂ.സി.സിയ്ക്ക് ലഭിക്കാറുള്ള പരാതി വനിതാ കമ്മീഷനാണ് കൈമാറുന്നതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നടിയ്ക്ക് നീതി ഉറപ്പാക്കുമെന്നും കേസ് കൃത്യമായി മുന്നോട്ട് പോകണമെന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്നും ഹരജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യത്തില്‍ അനുകൂല നിലപാടാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണ സംഘത്തിന് മേല്‍ ഒരുതരത്തിലുള്ള സ്വാധീനങ്ങളും ഉണ്ടായിട്ടില്ലെന്നും സത്യസന്ധമായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുവട്ടം തുറന്നു എന്നുള്ള ഫോറന്‍സിക് സയന്‍സ് ലാബിലെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.