രാഹുല്‍ ഗാന്ധി ‘തൈര്’ പറഞ്ഞ വില്ലേജ് കുക്കിങ് ചാനല്‍ ലോകേഷിന്റെ വിക്രമിലും

0

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നായകനായ വിക്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്ന് ലഭിച്ചുണ്ടിരിക്കുന്നത്.

ചിത്രത്തിലെ ഒരു സുപ്രധാന രംഗത്ത് സൗത്ത് ഇന്ത്യയില്‍ തന്നെ പ്രശസ്തരായ യൂട്യൂബ് ചാനല്‍ ‘വില്ലേജ് കുക്കിങ് ചാനല്‍’ നെ കാണിക്കുന്നുണ്ട്. അപ്രതീക്ഷിതമായിട്ടാണ് സിനിമ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകര്‍ ഇവരെ സ്‌ക്രീനില്‍ കണ്ടത്. വലിയ കയ്യടികളോടെയാണ് കാണികള്‍ ആ സീനിനെ സ്വീകരിച്ചതും.മുന്‍പും പല തവണ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയ ആളുകളാണിവര്‍. 2021 ജനുവരിയില്‍ രാഹുല്‍ ഗാന്ധിയുമായി ചേര്‍ന്ന് ഇവര്‍ മഷ്‌റൂം ബിരിയാണി ഉണ്ടാകുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ബിരിയാണിക്കായി ചേര്‍ക്കുന്ന സാധനങ്ങള്‍ ഉച്ചത്തില്‍ പറഞ്ഞ രാഹുല്‍ ഗാന്ധിയുടെ വിഡിയോയിലെ ഭാഗം ട്രോളായും മീമായുമൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്.

തമിഴ്നാടിലെ പുതുക്കോട്ടൈ ജില്ലയിലെ ചിന്നവീരമംഗലമെന്ന ഗ്രാമത്തില്‍ 2018ലാണ് വില്ലേജ് കുക്കിങ് ചാനല്‍ തുടങ്ങുന്നത്. ആറു പേരാണ് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നത്.

വി. മുരുകേശന്‍, വി. അയ്യനാര്‍, വി. സുബ്രഹ്‌മണ്യന്‍, , ടി. മുത്തുമാണിക്കം, ജി. തമിഴ്‌സെല്‍വന്‍ എന്നീ അഞ്ച് സഹോദരങ്ങള്‍ക്കൊപ്പം മുത്തച്ഛന്‍ എം. പെരിയതമ്പിയും ചേര്‍ന്നതാണ് വില്ലേജ് കൂക്കിങ് ചാനല്‍.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പരമ്പരാഗതമായ നാടന്‍ ഭക്ഷണങ്ങളും നാട്ട് രുചിയും കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയവരാണ് ഇവര്‍. മുത്തച്ഛനായ എം. പെരിയതമ്പി ചിന്നവീരമംഗലത്തെ പ്രശസ്തനായ പാചകക്കാരനാണ്. ഉന്നത വിദ്യാഭ്യാസത്തിന് ശേഷം വിദേശത്തേക്ക് പോകാനിരുന്ന സഹോദരങ്ങള്‍ക്ക് തോന്നിയ ആശയമാണ് പാചക വീഡിയോ നിര്‍മിക്കാം എന്നുള്ളത്. ആ ആശയം ഇന്ന് ഇത്ര കണ്ട് വിജയിച്ചിരിക്കുന്നു.

നിലവില്‍ ഇവര്‍ക്ക് യൂട്യൂബില്‍ 16 മില്യണോളം സബ്‌സ്‌ക്രൈബേഴ്സാണ് ഉള്ളത്. സൗത്ത് ഇന്ത്യയില്‍ ആദ്യമായി പത്ത് മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ നേടുന്ന ചാനലാണ് ഇവരുടേത്.

ഒരുപാട് പേര്‍ക്ക് കഴിക്കാനുള്ള ആഹാരം ഉണ്ടാക്കി അത് ആറു പേരും ഒരുമിച്ചിരുന്ന് കഴിക്കുകയും ബാക്കിയുള്ള ഭക്ഷണം അനാഥാലയത്തിലേക്കും, നാട്ടുകാര്‍ക്കുകമായി വിതരണം ചെയ്യുന്നതുമാണ് ഇവരുടെ രീതി.

ഇപ്പോള്‍ കമല്‍ഹാസനും ഇന്ത്യയിലെ തന്നെ മികച്ച നടന്മാര്‍ക്കൊപ്പം വിക്രം പോലൊരു വലിയ ചിത്രത്തിന്റെ ഭാഗമായി മാറാനും ഇവര്‍ക്ക് കഴിഞ്ഞു.

Leave A Reply

Your email address will not be published.