മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം, നൂപൂർ ശര്‍മയെ പുറത്താക്കി

0

ന്യൂദല്‍ഹി: എല്ലാ മതങ്ങളേയും ബഹുമാനിക്കണമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വിവാദ പരാമര്‍ശം നടത്തിയ വക്താക്കളെ സസ്‌പെന്‍ഡ് ചെയ്ത് ബി.ജെ.പി.

ബി.ജെ.പി വക്താക്കളായ നുപുര്‍ ശര്‍മ, നവീന്‍ ജിന്‍ഡല്‍ എന്നിവരെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിരിക്കുന്നത്. എന്‍.ഡി.ടി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. ഒരു മതത്തേയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ബി.ജെ.പി ശക്തമായി അപലപിക്കുന്നു- എന്നായിരുന്നു ബി.ജെ.പി നേരത്തെ പുറത്തുവിട്ട വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നത്. ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നതിനെ ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിലവില്‍ പാര്‍ട്ടി എടുത്ത നിലപാടിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടകളാണെന്ന പ്രചരണങ്ങളും ഉയരുന്നുണ്ട്.കഴിഞ്ഞയാഴ്ച ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍  പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പ്രസ്താവന  നൂപുര്‍ നടത്തിയിരുന്നു.  ഇത് രാജ്യമൊട്ടാകെ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു.  നിരവധി  മുസ്ലീം സംഘടനകള്‍ പ്രതിഷേധം  പ്രകടിപ്പിച്ചിരുന്നു.

രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ശമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എല്ലാ മതങ്ങളെയും പാര്‍ട്ടി ബഹുമാനിക്കുന്നുവെന്നും ഒരു മതത്തിലെയും ബഹുമാന്യരായ ആളുകളെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

“ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രത്തില്‍, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബിജെപി ശക്തമായി അപലപിക്കുന്നു’, പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

നൂപൂർ ശര്‍മയുടെ ഈ പ്രസ്താവനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വെള്ളിയാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം 40 ഓളം പേര്‍ക്ക് പരിക്കേറ്റു.  സംഭാവതി ഇതുവരെ 6 പേരെ അറസ്റ്റ് ചെയ്യുകയും 1500-ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

നൂപുര്‍ ശര്‍മയുടെ പ്രസ്താവനയ്ക്കെതിരെ അറബ് രാജ്യങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഡല്‍ഹി ബിജെപി  നേതാവ് നവീൻ കുമാറിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞായറാഴ്ച സസ്പെൻഡ് ചെയ്തു .

അടുത്തിടെ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ മുഹമ്മദ് നബിയെയും പത്‌നിമാരെയും അവഹേളിച്ച് ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ കാന്‍പൂരില്‍ പ്രതിഷേധം ശക്തമായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രതിഷേധത്തിന്റെ ഭാഗമായി പരേഡ് മാര്‍ക്കറ്റില്‍ ഒരു വിഭാഗം വ്യാപാരികള്‍ കടകള്‍ അടയ്ക്കുകയും മറ്റുള്ളവരെ അടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

നുപുര്‍ ശര്‍മ പ്രവാചകനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ശര്‍മയ്‌ക്കെതിരെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശര്‍മ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു സംഘം പ്രതിഷേധിച്ചത്. അതേസമയം നുപുര്‍ ശര്‍മ നടത്തിയ പരാമര്‍ശം ചാനലിന്റേതല്ലെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അനാവശ്യമായ ഭാഷ ഉപയോഗിക്കരുതെന്നും ടൈംസ് നൗ പ്രതികരിച്ചു.

Leave A Reply

Your email address will not be published.