ടിയാനന്‍മെന്‍ വാര്‍ഷിക ദിനത്തില്‍ ബംഗ്ലാദേശ് തലസ്ഥാനത്ത് മനുഷ്യചങ്ങല

0

ധാക്ക: 1989ല്‍ നടന്ന ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ 33ാം വാര്‍ഷിക ദിനത്തില്‍ ബംഗ്ലാദേശില്‍ മനുഷ്യച്ചങ്ങല സമരം. ശനിയാഴ്ചയായിരുന്നു സമരപരിപാടികള്‍ നടന്നത്.

സ്വന്തം പൗരന്മാരെ കൊന്നൊടുക്കിയ ചൈനീസ് നടപടിക്കെതിരെ ബംഗ്ലാദേശിലെ സ്വാധീനത സന്‍ഗ്രം പരിഷത് ആണ് തലസ്ഥാനമായ ധാക്കയില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചത്.

ധാക്കയിലെ ഛട്ടോഗ്രം ഹൈവേയ്ക്ക് സമീപമുള്ള ജത്രബാരിയില്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സമരപരിപാടികള്‍ ആരംഭിച്ചത്. 500ലധികം പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം വൈകീട്ട് 6:30 വരെ നീണ്ടു.

തലസ്ഥാനമായ ധാക്കയ്ക്ക് പുറമെ നാരായണ്‍ഗഞ്ച് സിറ്റിയിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. ധീനത സന്‍ഗ്രം പരിഷത്തിനെ കൂടാതെ വിവിധ സാമൂഹ്യ- സാംസ്‌കാരിക സംഘടനകളും സമരത്തില്‍ പങ്കെടുത്തു.

ചൈനീസ് ഭരണകൂടം നടത്തിയ വംശഹത്യയിലും കൂട്ടക്കൊലയിലും നീതി വേണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെട്ടത്.

1989 ജൂലൈ നാലിനായിരുന്നു ബീജിങ്ങിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ സമാധാനപരമായി ഒത്തുകൂടിയ ജനാധിപത്യ അനുകൂലികളായ വിദ്യാര്‍ത്ഥികളെ ചൈനീസ് സൈന്യം കൊന്നൊടുക്കിയത്. വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തെ സൈന്യം അടിച്ചമര്‍ത്തുകയായിരുന്നു.

10,000 മുതല്‍ 15,000 വരെ പേരായിരുന്നു ചൈനീസ് സര്‍ക്കാരിന്റെ സൈന്യം നടത്തിയ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ മരണം സംബന്ധിച്ച് കൃത്യമായ കണക്ക് ചൈനീസ് ഭരണകൂടം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ അനുസ്മരണം ചൈനയില്‍ അനുവദനീയമല്ല. ഹോങ്കോങ്ങിലും തായ്‌വാനിലും ഇത്തവണ നടന്ന ടിയാനന്‍മെന്‍ വാര്‍ഷിക അനുസ്മരണ പരിപാടികള്‍ ചൈനീസ് സര്‍ക്കാര്‍ തടഞ്ഞിരുന്നു.

ഹോങ്കോങ്ങിലെ ടിയാനന്‍മെന്‍ അനുസ്മരണ പൊതുയോഗങ്ങള്‍ ചൈന നിരോധിക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഹോങ്കോങ്ങില്‍ അനുസ്മരണ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

Leave A Reply

Your email address will not be published.