ഖത്തറിന് പിന്നാലെ അതൃപ്തിയറിയിച്ച് കുവൈത്തും, ഇറാനും: ലോകരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം

0

ന്യൂദല്‍ഹി: ലോകരാജ്യങ്ങളില്‍ ചര്‍ച്ചായായി പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം. സംഭവം അപലപനീയമാണെന്ന ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടിന് പിന്നാലെ കുവൈത്തും ഇറാനും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ഔദ്യോഗിക സന്ദര്‍ശനവേളയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറിയതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിദ്വേഷകരമായ പരാമര്‍ശം നടത്തിയതിന് പ്രതികള്‍ പരസ്യമായി മാപ്പ് പറയമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിരുന്നു.

ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ വിദ്വേഷ പരാമര്‍ശം.

ഇസ്‌ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ ചര്‍ച്ചയില്‍ ആരോപിച്ചത്. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ ആരോപിച്ചിരുന്നു.

പ്രതിഷേധം ശക്തമായതോടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ നുപുര്‍ ശര്‍മയേയും വനവീന്‍ ജിന്‍ഡലിനേയും പാര്‍ട്ടി പുറത്താക്കിയിരുന്നു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിരിക്കുന്നത്.

ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. ഒരു മതത്തേയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ബി.ജെ.പി ശക്തമായി അപലപിക്കുന്നു- എന്നായിരുന്നു ബി.ജെ.പി നേരത്തെ പുറത്തുവിട്ട വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നത്. ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നതിനെ ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും പിരിച്ചുവിടാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

പ്രവാചകനെതിരായ വിവാദ പരാമര്‍ശം നടത്തിയ സംഭവം അപലപനീയമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറിയതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ ഭരണകക്ഷി സ്വീകരിച്ച നടപടി പ്രശംസനീയമാണെന്നും കത്തില്‍ പറയുന്നു. എന്നിരുന്നാലും മുസ്ലിങ്ങളെ മുഴുവന്‍ വേദനിപ്പിച്ച പ്രസ്താവന നടത്തിയതിന് പരസ്യമായി പ്രതികള്‍ ക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Leave A Reply

Your email address will not be published.