പഠിച്ചത് കൊണ്ട് എഞ്ചിനിയറായി, ഇതല്ല എന്റെ പാഷന് എന്ന് ചിലര്‍ പറയും പോലെയാണ് ഞാന്‍ അഭിനയത്തിലേക്ക് വന്നത്, പാഷന് തോന്നിയിട്ടില്ല: കനി കുസൃതി
അഭിനയത്തോട് ഒരിക്കലും പാഷന് തോന്നിയിട്ടില്ലെന്ന് നടി കനി കുസൃതി. സയന്‍സ് പോലെയുള്ള സബ്ജെക്ടുകളായിരുന്നു ഇഷ്ടമെന്നും ഇടക്ക് എം.ബി.ബി.എസൊക്കെ പഠിച്ച് ഡോക്ടറാവേണ്ടിയിരുന്ന ആളല്ലായിരുന്നോ താന്‍ എന്ന് തോന്നാറുണ്ടെന്നും കനി പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയക്ക് വേണ്ടി സിത്താര കൃഷ്ണകുമാര്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കനി.
‘അഭിനയം പാഷനായിട്ട് വന്ന ആളല്ല ഞാന്‍. സ്റ്റേജില്‍ കയറുക, പെര്‍ഫോം ചെയ്യുക, അളുകള്‍ നോക്കുക അതിനോടൊന്നും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളല്ലായിരുന്നു ഞാന്‍. സയന്‍സും വേറെ കുറെ സബ്ജക്ടുകളുമൊക്കെ ആണ് എനിക്ക് ഇഷ്ടം. കലാമേഖലയില്‍ ഡാന്‍സിനോട് മാത്രമാണ് ഭയങ്കരമായ ഇഷ്ടം തോന്നിയത്. ഒരു ആസ്വാദക എന്ന നിലയില്‍ കല ആസ്വദിക്കുക എന്നതിനപ്പുറം അതിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യുന്ന നിലയിലേക്ക് ഞാന്‍ എന്നെ കണ്ടിട്ടില്ല,’ കനി കുസൃതി പറഞ്ഞു.
‘നാടക പരിശീലനം കംഫര്‍ട്ടബിള്‍ ആയ സ്ഥലമായി തോന്നിയിരുന്നു. അഭനയമല്ല, നാടകം മൊത്തത്തില്‍ ഉണ്ടാക്കിയെടുക്കുന്ന രീതി കൊണ്ടും പല മനുഷ്യരെ കണ്ടുമുട്ടുന്നതുമൊക്കെ കൊണ്ട് അതുമായി മുന്നോട്ട് പോയി.
അഭിനയക്കണമെന്ന് ഭയങ്കരമായ ഒരു പാഷന് തോന്നിയിട്ടേയില്ല. അതേ സമയം ഡാന്‍സ് ചെയ്യുമ്പോള്‍ അതുണ്ട്. ഡാന്‍സ് ചെയ്യുമ്പോള്‍ വല്ലാത്തൊരു പ്ലഷറാണ്. അഭിനയത്തില്‍ നിന്നും ഇതുവരെ അത് ഉണ്ടായിട്ടില്ല. എന്നാല്‍ അഭിനയത്തിന്റെ ക്രാഫ്റ്റ് പഠിക്കാനാണ് കൂടുതല്‍ സമയം ചെലവഴിച്ചതും എന്റെ ജീവിതം കൂടുതല്‍ ഡെഡിക്കേറ്റ് ചെയ്തതും.