രാജ്യം നീങ്ങുന്നത് ആഭ്യന്തര യുദ്ധത്തിലേക്ക്, ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം : ലാലു പ്രസാദ് യാദവ്

0

ന്യൂദല്‍ഹി: ബി.ജെ.പിയുടെ ഭരണത്തിന് കീഴില്‍ രാജ്യം നീങ്ങുന്നത് ആഭ്യന്തര യുദ്ധത്തിലേക്കെന്ന് അര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. സമ്പൂര്‍ണ ക്രാന്തി ദിവസ് പരിപാടികള്‍ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

രാജ്യത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ധിക്കുകയാണെന്നും ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ബി. ജെ. പി സര്‍ക്കാരിന്റെ ഭരണരീതി അനുസരിച്ച് രാജ്യം ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും അഴിമതിക്കും എതിരെ ജനങ്ങള്‍ ഒന്നിക്കണം. ഒറ്റക്കെട്ടായി പോരാടണം, വിജയിക്കും,’ ലാലു പ്രസാദ് യാദവ് പറഞ്ഞു.

മത ന്യൂനപക്ഷങ്ങളോട് ഒന്നിച്ചു ചേരണമെന്നും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏപ്രിലിലാണ് ഡൊറണ്ട ട്രഷറിയില്‍ നിന്ന് 139.35 കോടി രൂപ അനധികൃതമായി പിന്‍വലിച്ച കേസില്‍ ലാലു പ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ഫെബ്രുവരിയില്‍ റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് യാദവിനെ കുറ്റക്കാരനായി കണ്ടെത്തിയത്.പിന്നീട് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം ലഭിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ ജാമ്യത്തുകയും, 10ലക്ഷം രൂപ പിഴയായും കോടതിയില്‍ കെട്ടിവെക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Leave A Reply

Your email address will not be published.