കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ചോദിച്ചത് 65 കോടി, സർക്കാർ അനുവദിച്ചത് 30 കോടി

0

തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ മാസവും ശമ്പളം നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി. ശമ്പളം നൽകുന്നതിനായി 65 കോടി രൂപ മാനേജ്മെന്റ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 30 കോടി രൂപ മാത്രമാണ് ധനകാര്യ വകുപ്പ് അനുവദിച്ചത്. ഇതിൽ കൂടുതൽ തുക അനുവദിക്കാനാകില്ലെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്. എന്നാൽ ഈ തുക ഉപയോഗിച്ച് മുഴുവൻ ജൂീവനക്കാർക്കും ശമ്പളം നൽകാൻ കഴിയില്ലെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് പറയുന്നത്. 52 കോടി രൂപ കൂടി വേണമെന്നാണ്  കെ.എസ്.ആർ.ടി.സിയുടെ ആവശ്യം. അഞ്ചാം തീയതിയായിട്ടും ശമ്പളം നൽകാത്തതിന്റെ പേരിൽ ഭരണപക്ഷ അനുകൂല സംഘടന ഉൾപ്പെടെ ചീഫ് ഓഫീസിന് മുന്നിൽ സമരം ആരംഭിച്ചിരിക്കുകയാണ്.

82 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളം നൽകാനായി വേണ്ടത്. എസ്.ബി.ഐയിൽ ഓവർ ഡ്രാഫ്റ്റ് എടുത്തും സർക്കാർ നൽകിയ അധിക സാമ്പത്തിക സഹായവും ചേർത്താണ് കഴിഞ്ഞ രണ്ട് മാസവും ജീവനക്കാർക്ക് ശമ്പളം നൽകിയത്. ഇത്തവണയും സർക്കാർ‌ അധിക സാമ്പത്തിക സാഹായം അനുവദിച്ചില്ലെങ്കിൽ ശമ്പളം വിതരണം നീണ്ടു പോകും. എല്ലാ മാസവും ശമ്പളം നൽകുന്നതിന് ആവശ്യമായ മുഴുവൻ തകയും അനുവദിക്കാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

ശമ്പളം നൽകുന്നതിന് വേണ്ട തുക മാനേജ്മെന്റ് തന്നെ കണ്ടെത്തണമെന്നാണ് ഗതാഗത മന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞ മാസത്തേത് പോലെ അധിക തുകയ്ക്ക് വേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് മാനേജ്മെന്റിന്റെ തീരുമാനം. കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിമാസം 75 കോടി രൂപ വീതം അനുവദിക്കണമെന്ന  മാനേജ്മെന്റിന്റെ ആവശ്യം നേരത്തെ ധനകാര്യ വകുപ്പ് തള്ളിയിരുന്നു.

അഞ്ചര കോടി രൂപയാണ് കെ.എസ്. ആർ.ടി.സി.യുടെ പ്രതിദിന വാരുമാനം. കഴിഞ്ഞ മാസം വരുമാനത്തിൽ വർധനവ് ഉണ്ടായിരുന്നു. എല്ലാ മാസവും 93 ലക്ഷം രൂപ വായ്പ തിരിച്ചടവ് ഇനത്തിലും 3.5 കോടി ഇന്ധന ചെലവിനായും മാറ്റിവക്കണം. 20 കോടിയോളം രൂപ മറ്റ് ചിലവുകൾക്കായും വിനിയോഗിക്കേണ്ടി വരും. അതുകൊണ്ട് തന്നെ സർക്കാരിൻരെ സാഹായമില്ലാതെ കെ.എസ്.ആർ.ടി.സിക്ക് ഒരു തരത്തിലും മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകും എന്നായിരുന്നു മാനേജ്മെന്റ് നേരത്തെ  ജീവനക്കാർക്ക് നൽകിയിരുന്ന ഉറപ്പ്. ശമ്പളം വിതരണം നീണ്ടുപോയാൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് യൂണിയനുകളുടെ തീരുമാനം.

Leave A Reply

Your email address will not be published.