ആദിവാസി യുവാവിനെ കൂലി നൽകാതെ നാല് വർഷം എസ്റ്റേറ്റിൽ ജോലിയെടുപ്പിച്ചു; ഉടമയ്ക്കെതിരെ പരാതി, യുവാവിനെ മോചിപ്പിച്ചു

0

വയനാട്: ആദിവാസി യുവാവിനെ നാല് വര്‍ഷത്തോളം എസ്റ്റേറ്റില്‍ ജോലി ചെയ്യിച്ച് കൂലി നൽകാതെ വഞ്ചിച്ചുവെന്ന് പരാതി. നാല് വർഷത്തോളം ജോലി ചെയ്തിട്ട് ആകെ 14,000 രൂപയാണ് നൽകിയത്. യുവാവിന് ആവശ്യത്തിന് ഭക്ഷണമോ താമസ സൗകര്യമോ നൽകിയില്ലെന്നും പരാതിയുണ്ട്. നാട്ടുകാർ ഇടപെട്ട് രാജുവിനെ മോചിപ്പിച്ച് വീട്ടിലെത്തിച്ചു. രാജുവിന്റെ അമ്മ അമ്പലവയൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ആണ്ടൂര്‍ കാട്ടുനായ്ക്ക കോളനിയിലെ രാജു (30) വിനെ നാസർ എന്നയാൾ നാല് വർഷത്തോളം കൂലി നൽകാതെ എസ്റ്റേറ്റിൽ ജോലി ചെയ്യിച്ചുവെന്നാണ് പരാതി. കൂലിയായി ദിവസം 300 രൂപ നല്‍കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും നാല് വര്‍ഷത്തിനിടെ തനിക്ക് ലഭിച്ചത് 14,000 രൂപ മാത്രമാണെന്ന് രാജു പറയുന്നു. കൃഷിയിടത്തില്‍ വിശ്രമം നൽകിയില്ലെന്നും കിടക്കാൻ ഇടം നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. രാവിലെ എട്ട് മണിമുതല്‍ രാത്രി ഏഴ് മണിവരെ ജോലി ചെയ്യിപ്പിക്കുമായിരുന്നുവെന്ന് രാജു പറഞ്ഞു.

കൊടുവള്ളിയിലുള്ള എസ്റ്റേറ്റിലേക്കും രാജുവിനെ ജോലിക്കായി കൊണ്ടുപോയിട്ടുണ്ട്. അന്നും കൂലി കൃത്യമായി നല്‍കിയില്ല. കൂലി ചോദിച്ചപ്പോൾ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ആണ്ടൂർ ചീനപ്പുല്ലിലെ എസ്റ്റേറ്റിൽ രാജുവിനെ കണ്ട ആണ്ടൂർ ടൗൺ ടീം വാട്‌സാപ്പ് കൂട്ടായ്മയുടെ പ്രവർത്തകർ ഇടപെട്ടാണ് രാജുവിനെ വീട്ടിലെത്തിച്ചത്. രാജുവിന്റെ അമ്മ അമ്മു തനിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഫോണ്‍ വിളിച്ചാല്‍ പോലും കിട്ടാത്തതിനാല്‍ വലിയ ആശങ്കയിലായിരുന്നു ഇവര്‍. എന്നാൽ, രാജു കുറച്ചുകാലമായി തന്റെ കൂടെയുണ്ടെന്നും ഒരു ജോലിക്കാരനായിട്ടല്ല കൊണ്ടു നടന്നതെന്നുമാണ് എസ്റ്റേറ്റ് ഉടമ നാസര്‍ പറയുന്നത്.

Leave A Reply

Your email address will not be published.