ലോക രാജ്യങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുന്നു; മറിച്ചുള്ള പ്രചരണം ടി.വിയില്‍ മാത്രം: സദ്ഗുരു

0

ന്യൂദല്‍ഹി: ലോക രാജ്യങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുന്നുവെന്നും രാജ്യം മാതൃകയാണെന്നും ഇഷ യോഗ സെന്റര്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവ്. പത്ത് വര്‍ഷത്തിനിടെ രാഷ്ട്രം വലിയ കലാപങ്ങള്‍ക്കൊന്നും വേദിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മതപരമായ അസഹിഷ്ണുത ടി.വി സ്‌ക്രീനുകള്‍ രൂപപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയില്‍ ഖത്തര്‍, കുവൈത്ത്, ഇറാന്‍, സൗദി എന്നീ രാജ്യങ്ങള്‍ അതൃപ്തിയറിയിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് സദ്ഗുരുവിന്റെ പ്രതികണം.

വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം തുടങ്ങിയ മേഖലകളിലെല്ലാം രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ത്രീകള്‍ തങ്ങളുടെ ജീവിതത്തെയും നിലനില്‍പ്പിനെയും സാമ്പത്തിക ഭദ്രതയെയും പറ്റി ബോധവതികളാണെന്നും സദ്ഗുരു പറഞ്ഞു.

‘ഇന്ന് രാജ്യം ശാന്തമാണ്. കഴിഞ്ഞ് പത്ത് വര്‍ഷമായി വര്‍ഗീയ കലാപങ്ങള്‍ ഒന്നും രാജ്യത്ത് ഉണ്ടായിട്ടില്ല.
ദൃശ്യ മാധ്യമങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണ് വര്‍ഗീയ കലാപങ്ങളും മതപരമായ അസഹിഷ്ണുതയും. മുന്‍ കാലഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ലോകരാജ്യങ്ങള്‍ ഭാരതത്തെ ബഹുമാനിക്കുന്നു. ആഭ്യന്തര വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ നിലപാടുകള്‍ മറ്റ് രാജ്യങ്ങള്‍ മാതൃകയാക്കുകയാണ്. നയതന്ത്ര വിഷയങ്ങളിലുള്ള അഭിപ്രായം ലോകോത്തര ശ്രദ്ധനേടുന്നു.തന്റെ പഠനകാലത്ത് കണ്ട വര്‍ഗീയതയുടെ ഇരുട്ടല്ല ഇന്ന് ഭാരതത്തിലുള്ളത്. രാജ്യത്ത് എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്ന കലാപശ്രമങ്ങളെ ചില മാധ്യമങ്ങള്‍ ആളിക്കത്തിക്കുകയാണ്. ഈ കലാപശ്രമങ്ങളെ അടിച്ചമര്‍ത്തണം. നിയമപരമായി തന്നെ കലാപകാരികള്‍ക്കെതിരെ നടപടി എടുക്കണം. രാജ്യത്തെ ജനങ്ങള്‍ ഇന്ന് സാമൂഹ്യ ജീവിതത്തെക്കുറിച്ച് ബോധവാന്മാരാണ്,’ സദ്ഗുരു കൂട്ടിച്ചേര്‍ത്തു.

അതേസമയം, അടുത്തിടെ ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിദ്വേഷ പ്രചാരണത്തിലാണ് വിവിധ ഇസ്‌ലാമിക രാജ്യങ്ങള്‍ അപലപിച്ചത്.

ഇസ്‌ലാം മതത്തില്‍ പരിഹസിക്കാന്‍ പാകത്തിന് നിരവധി സംഭവങ്ങളുണ്ടെന്നായിരുന്നു നുപുര്‍ ആരോപിച്ചത്. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നുപുര്‍ ശര്‍മയ്ക്കും ബി.ജെ.പിക്കുമെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നുപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബി.ജെ.പി അറിയിച്ചിരുന്നു.

Leave A Reply

Your email address will not be published.