സിഖുകാര്‍ നേരിടുന്നത് വിവിധ വെല്ലുവിളികള്‍, സമുദായത്തെ ശാക്തീകരിക്കാന്‍ യുവാക്കള്‍ ആയുധ പരിശീലനം നേടണം: സിഖുകാരോട് അകാല്‍ തഖ്ത് മേധാവി

0

അമൃത്‌സര്‍: എല്ലാ സിഖുകാരും ആയുധ പരിശീലനം നേടണമെന്ന ആവശ്യവുമായി അകാല്‍ തഖ്ത് മേധാവി ഗ്യാനി ഹര്‍പ്രീത് സിംഗ്. സിഖ് വിഭാഗം വിവിധ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ഇതിനെ ചെറുക്കാന്‍ ആയുധ വിദ്യ പരിശീലിക്കണമെന്നും ഹര്‍പ്രീത് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനായി സിഖ് സംഘടനകള്‍ യുവാക്കളെ പാരമ്പര്യ ആയോധന കലകളും, പുതിയ ആയുധങ്ങളെക്കുറിച്ചും പഠിപ്പിക്കണമെന്നും ഹര്‍പ്രീത് ആവശ്യപ്പെട്ടു.

അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 38-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഹര്‍പ്രീതിന്റെ പരാമര്‍ശം.

പരിപാടിയില്‍ നിരവധി യുവാക്കള്‍ പ്രോ ഖലിസ്ഥാന്‍ മുദ്രാവാക്യങ്ങളും, ഖലിസ്ഥാന്‍ സിന്ദാബാദ് എന്ന പ്ലക്ക് കാര്‍ഡുകളും ഉയര്‍ത്തിയതായി ദി ഹിന്ദു പറയുന്നു.

പലരും കൊല്ലപ്പെട്ട വിഘടനവാദി നേതാവ് ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ ചിത്രങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമ്മേളനത്തില്‍ ജര്‍ണയില്‍ സിംഗിന്റെ ത്യാഗത്തെ പ്രശംസിക്കുകയും ഖാലിസ്ഥാനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.രാജ്യത്തിന്‍ സ്വാതന്ത്ര്യം കിട്ടിയ അന്നുമുതല്‍ സിഖുകാരെ അടിച്ചമനര്‍ത്താനുള്ള ശ്രമങ്ങള്‍ രാജ്യത്ത് തുടരുകയാണ്. സുവര്‍ണ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിലൂടെ ഇതിന്റെ ആദ്യ ശ്രമം പുറത്തുവരുന്നത് 1984ലാണ്,’ ഹര്‍പ്രീത് പറഞ്ഞു.

യുവാക്കള്‍ മദ്യത്തിനും മറ്റ് ലഹരികള്‍ക്കും അടിമപ്പെടുന്നതിന് മുന്‍പ് അവരെ ആയുധ കലകളില്‍ പരിശീലനം നല്‍കാന്‍ സിഖ് സംഘടനകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിഖുകാര്‍ക്ക് ഒരിക്കലും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും സിഖുകാരെ തകര്‍ക്കാന്‍ പലവിധ ശ്രമങ്ങളും രാജ്യത്ത് നടന്നിട്ടുമുണ്ട് ഇപ്പോള്‍ നടക്കുന്നുമുണ്ട്. ഇത്തവണ പൊലീസുകാരെ ഉപയോഗിച്ച് സിഖുകാരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ആവോളം ശ്രമിച്ചിട്ടുണ്ട്,’ ഹര്‍പ്രീത് സിംഗിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ മതങ്ങളില്‍ അവരുടെ മതത്തിലുള്ളവരെ സംരക്ഷിക്കാന്‍ അവകാശമുണ്ട്. ഇത് തന്നെയാണ് നിലവില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും ഹര്‍പ്രീത് കൂട്ടിച്ചേര്‍ത്തു.

പഞ്ചാബി ഗായകനായ സിദ്ദ മൂസെവാലയുടെ മരണത്തിന് പിന്നാലെയാണ് ഹര്‍പ്രീതിന്റെ പരാമര്‍ശം. ഹര്‍പ്രീതിന് Z-സെക്യൂരിറ്റി നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഹര്‍പ്രീത് ഇത് നിരസിക്കുകയായിരുന്നുവെന്നും ഇന്ത്യാ ടുഡേ വ്യക്തമാക്കുന്നു.

അതേസമയം ഹര്‍പ്രീത് സിംഗിന്റെ പ്രസ്താവനയ്ക്ക് വിമര്‍ശനവുമായി പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് അമരീന്ദര്‍ സിംഗ് രാജ വാറിംഗ് രംഗത്തെത്തിയിരുന്നു. ഹര്‍പ്രീത് തന്റെ പ്രസ്താവനയിലൂടെ എന്ത് സന്ദേശമാണ് ലോകത്തിനും പ്രത്യേകിച്ച് സിഖ് വിഭാഗത്തിനും നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്നതിലും അത്ഭുതമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആയുധ പരിശീലനത്തിന് പകരം യുവാക്കള്‍ക്ക് സിഖ് മതം മുന്നോട്ടുവെക്കുന്ന സമാധാനത്തിന്റെ ആശയങ്ങള്‍ പറഞ്ഞുകൊടുക്കണമെന്നും വാറിംഗ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.