പരാജിതനായ ഒരു പ്രസിഡന്റായി ഞാന്‍ പടിയിറങ്ങില്ല’; രാജി വെക്കില്ലെന്ന് വ്യക്തമാക്കി ഗോതബയ രജപക്‌സെ

0

കൊളംബോ: ശ്രീലങ്കയില്‍ തന്റെ ഭരണ കാലാവധി തികയിക്കുമെന്ന് പ്രസിഡന്റ് ഗോതബയ രജപക്‌സെ. ഭരണത്തില്‍ ബാക്കിയുള്ള രണ്ട് വര്‍ഷവും പ്രസിഡന്റ് സ്ഥാനത്ത് തുടരുക തന്നെ ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം ഗോതബയ വ്യക്തമാക്കിയത്.

ഒരു റീ ഇലക്ഷന് നിന്ന് കൊടുക്കില്ലെന്നും ഗോതബയ പറഞ്ഞു.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിക്കുന്ന ജനങ്ങള്‍ ഗോതബയ രജപക്‌സെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വെക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് മാസങ്ങളായി സമരം ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രസിഡന്റിന്റെ വിശദീകരണം.

”ഒരു പരാജിതനായ പ്രസിഡന്റായി എനിക്ക് പുറത്ത് പോകാനാവില്ല. അഞ്ച് വര്‍ഷ കാലാവധിയാണ് എനിക്ക് ഭരിക്കാനായി നല്‍കിയിരിക്കുന്നത്.

ഇനി ഞാന്‍ മത്സരിക്കില്ല,” കൊളംബോയിലുള്ള തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോതബയ പറഞ്ഞു.

ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കര കയറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഗോതബയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.കാലാവധി തികയ്ക്കുമെന്നും രാജി വെക്കില്ലെന്നുമുള്ള ഗോതബയയുടെ നിലപാടിനെതിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. ഗോതബയയുടെ തീരുമാനം പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുമെന്നും രണ്ട് വര്‍ഷം കൂടെ അധികാരത്തില്‍ തുടരുന്നത് ശ്രീലങ്കയെ സാമ്പത്തികമായും രാഷ്ട്രീയപരമായും കൂടുതല്‍ തകര്‍ക്കുമെന്നും സാമ്പത്തിക വിദഗ്ധന്‍ പാട്രിക് കുറാന്‍ പ്രതികരിച്ചു.

നേരത്തെ ഗോതബയയുടെ സഹോദരനും ശ്രീലങ്കന്‍ പ്രധാനമന്ത്രിയുമായിരുന്ന മഹീന്ദ രജപക്‌സെ സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു. ഇതേത്തുടര്‍ന്ന് റനില്‍ വിക്രമസിംഗെ ലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഗോതബയ രാജി വെക്കാതെ സ്ഥാനത്ത് തുടരുകയാണ്. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ സമരം ചെയ്യുന്നത്.

Leave A Reply

Your email address will not be published.