ഭാര്‍ഗവി നിലയത്തിലെത്തിയ നോവലിസ്റ്റായി ടൊവിനോ; നീലവെളിച്ചം ഫസ്റ്റ് ലുക്ക്

0

ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെലിച്ചം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വെളിച്ചമില്ലാത്ത ഭാര്‍ഗവിനിലയത്തിലേക്ക് എത്തുന്ന യുവ നോവലിസ്റ്റായ ടൊവിനോയെ ആണ് പോസ്റ്ററില്‍ കാണുന്നത്. വാതിലിന് മുകളില്‍ നീലവെളിച്ചവും കാണാം.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പേരില്‍ തന്നെയുള്ള ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു നോവലിസ്റ്റിന്റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ.

1960കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ കാണിക്കുന്നത്. നീലവെളിച്ചം ഭാര്‍ഗവി നിലയം എന്ന പേരില്‍ 1964ല്‍ സിനിമയാക്കിയിട്ടുണ്ട്. പ്രേംനസീര്‍, മധു, വിജയ നിര്‍മല തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

നാരദനു ശേഷം ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നീലവെളിച്ചം. നേരത്തെ പൃഥ്വിരാജിനേയും കുഞ്ചാക്കോ ബോബനേയുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി പ്രഖ്യാപിച്ചത്. ഇരുവരും പിന്നീട് പിന്മാറിയതോടെയാണ് ടൊവിനോയും റോഷന്‍ മാത്യൂസും ചിത്രത്തിലേക്ക് എത്തിയത്.

ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് സംഗീത സംവിധാനം. ടൊവിനോയും ആഷിക്കും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് നീലവെളിച്ചം. മായാനദി, വൈറസ്, നാരദന്‍ എന്നിവയായിരുന്നു ഈ കൂട്ടുകെട്ടിലെത്തിയ ആദ്യ മൂന്ന് ചിത്രങ്ങള്‍.ഖാലിദ് റഹ്മാന്റെ സംവിധാനത്തിലൊരുങ്ങുന്ന തല്ലുമാലയാണ് ടൊവിനോയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായിക.

Leave A Reply

Your email address will not be published.