വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഫലസ്തീനില്‍ ജനങ്ങള്‍ തെരുവില്‍

0

ഹെബ്രോണ്‍: ഫലസ്തീനില്‍ വിലക്കയറ്റത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധത്തില്‍. പ്രതിഷേധ പ്രകടനം നടത്തിയവരില്‍ നിരവധി പേരെ ഫലസ്തീനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഭക്ഷ്യ ഉല്‍പന്നങ്ങളുടക്കമുള്ള അവശ്യ വസ്തുക്കളുടെ വില വര്‍ധിക്കുന്നതാണ് ഫലസ്തീനില്‍ ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കുന്നത്.

ഇസ്രഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണ്‍ നഗരത്തിലാണ് പ്രധാനമായും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നത്. ഫലസ്തീനിയന്‍ അതോറിറ്റി വിലക്കയറ്റ വിഷയത്തില്‍ ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

”സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുകയും അനിയന്ത്രിതമായി ഉയരുന്ന വിലവര്‍ധനവ് അവസാനിപ്പിക്കണമെന്നുമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

ഇടപെടാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടെങ്കിലോ തയ്യാറല്ലെങ്കിലോ അവര്‍ സ്ഥാനമൊഴിയണം,” സമരപരിപാടികളുടെ സംഘാടകരിലൊരാളായ റാമി അല്‍- നൈദി പ്രതികരിച്ചു.

ഹെബ്രോണില്‍ പൊതു പണിമുടക്കിനും സമരക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

കുറഞ്ഞത് ഒമ്പത് പേരെ ഫലസ്തീനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തതായും പ്രതിഷേധക്കാര്‍ തെരുവുകളില്‍ കെട്ടിയുണ്ടാക്കിയിരുന്ന ടെന്റുകള്‍ പൊലീസുകാര്‍ നശിപ്പിച്ചതായും ചില അഭിഭാഷകര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഫലസ്തീനിയന്‍ സെക്യൂരിറ്റി സര്‍വീസിന്റെ ഭാഗത്ത് നിന്നും വിഷയത്തില്‍ പ്രതികരണം പുറത്ത് വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ലോകമെമ്പാടുമുള്ള വിലക്കയറ്റവും ഉക്രൈന്‍ യുദ്ധം മൂലം സാധനങ്ങള്‍ക്കുണ്ടായ വിലവര്‍ധനവും വെസ്റ്റ് ബാങ്കിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.