174 പന്തില്‍ നിന്നും 36 നോട്ടൗട്ട്; യുവതാരങ്ങളുടെ നിരന്തരവിമര്‍ശകന്‍ ഗവാസ്‌കറിന്റെ ‘മാസ്മരിക പ്രകടനത്തിന്’ ഇന്നേക്ക് 47 വയസ്

0

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മോശം പ്രകടനം പിറന്നത് ഇന്നേക്ക് കൃത്യം 47 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. 1975 ലോകകപ്പില്‍ ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലായിരുന്നു നാണക്കേടിന്റെ റെക്കോഡ് സുനില്‍ ഗവാസ്‌കര്‍ ഇന്ത്യയ്ക്ക് നേടിത്തന്നത്.

1975 ലോകകപ്പിന് തുടക്കം കുറിച്ച ആദ്യ മത്സരത്തില്‍ തന്നെയായിരുന്നു ഈ മോശം പ്രകടനമെന്നതും ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിനെതിരെ 174 പന്തില്‍ നിന്നും പുറത്താവാതെ 36 റണ്‍സ് നേടിയാണ് സുനില്‍ ഗവാസ്‌കര്‍ നാണക്കേടിന്റെ പുതിയ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മികച്ച സ്‌കോറായിരുന്നു പടുത്തുയര്‍ത്തിയത്. 60 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിന് 334 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്.

ഇംഗ്ലീഷ് ഓപ്പണര്‍ ഡെന്നിസ് അമിസായിരുന്നു ഇംഗ്ലണ്ടിന്റെ കപ്പിത്താന്‍. ബൗളര്‍മാരെ ഗ്രൗണ്ടിന്റെ നാലുപാടേക്കും അടിച്ചുവിട്ട് 147 പന്തില്‍ നിന്നും 137 റണ്‍സായിരുന്നു അമിസ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ മൈക്ക് അടക്കമുള്ള താരങ്ങള്‍ മികച്ച പിന്തുണയും നല്‍കിയതോടെ 334 റണ്‍സായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിനിറങ്ങിയ ഇന്ത്യ 60 ഓവറില്‍ കേവലം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സായിരുന്നു സ്വന്തമാക്കിയത്! ഇതിന് കാരണക്കാരനാകട്ടെ സുനില്‍ ഗവാസ്‌കറും.

174 പന്തില്‍ നിന്നും 36 റണ്‍സെടുത്താണ് താരം പുറത്താവാതെ നിന്നത്. അതായത് 29 ഓവര്‍ കളിച്ച് 20.68 സ്‌ട്രൈക്ക് റേറ്റില്‍ 36 റണ്‍സെടുത്ത ഗവാസ്‌കറാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയെ തോല്‍പിച്ചത്. 202 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. മത്സരത്തില്‍ ഇന്ത്യയുടെ റണ്‍റേറ്റാവട്ടെ 2.20 ഉം.

59 പന്തില്‍ നിന്നും 37 റണ്‍സെടുത്ത ഗുണ്ടപ്പ വിശ്വനാഥായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

1970കളില്‍ ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനിന് തുല്യനെന്ന രീതിയില്‍ പ്രശസ്തി നേടിയ സുനില്‍ ഗവാസ്‌കറിന്റെ ഇന്നിംഗ്‌സ് ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. ഓപ്പണറായി ഇറങ്ങിയായിരുന്നു ഗവാസ്‌കറിന്റെ ‘പ്രകടന’മെന്നതും ശ്രദ്ധേയമാണ്.

അടിച്ച് കളിക്കാനോ ഔട്ടാവാനോ പറ്റാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു താനെന്നായിരുന്നു മത്സരത്തെ കുറിച്ച് ഗവാസ്‌കര്‍ പറഞ്ഞത്.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ ഗവാസ്‌കറിന്റെ കരിയറിലെ എത്ര തേച്ചാലും മാച്ചാലും പോകാത്ത കളങ്കമാണ് 47 വര്‍ഷം മുമ്പ് പിറന്നത്.

ഇന്ന്, ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷവും താരം ഈ ഇന്നിംഗ്‌സിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ഐ.പി.എല്ലില്‍ സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങളെ വിമര്‍ശിക്കുമ്പോള്‍ ഈ ഇന്നിംഗ്‌സ് ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ ഗവാസ്‌കറിനെ വിമര്‍ശിക്കാറുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മോശം ദിനമായാണ് ഇന്നും 1975ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരം വിലയിരുത്തപ്പെടുന്നത്.

Leave A Reply

Your email address will not be published.