കാലവർഷം സജീവമാകും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 29ന് കാലവർഷം കേരളത്തിൽ എത്തിയെങ്കിലും മഴമേഘങ്ങളെ കേരള തീരത്തേക്ക് എത്തിക്കാനുള്ള ശക്തി കാറ്റിന് ഇല്ലാത്തതിനാൽ സംസ്ഥാനത്ത് ഇതുവരെ കാര്യമായി മഴ ലഭിച്ചിട്ടില്ല. കൂടാതെ ഉത്തരേന്ത്യേക്ക് മുകളിൽ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴിയും കുറവ് മഴ ലഭിക്കുന്നതിന് കാരണമായി. എന്നാൽ വരും ദിവസങ്ങളിൽ കാലവർഷം സജീവമായേക്കുമെന്നാണ് റിപ്പോർട്ട്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജൂൺ 11 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. കാലവർഷം സജീവമായാലും പകൽ മഴ കുറഞ്ഞേക്കും. രാത്രി കൂടുതൽ മഴ ലഭിക്കും. ഇടവിട്ടുള്ള മഴയ്ക്കാണ് സാധ്യത. സാധാരണ ലഭിക്കുന്നതിലും കുറവ് മഴയാകും ഇത്തവണ ലഭിക്കുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. അതേസമയം കേരള തീരത്ത് ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ജൂൺ 11 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ (ജൂൺ 9) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 10ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,  കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ജൂൺ 11ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.