ഉച്ചഭക്ഷണം നൽകുന്ന സ്കൂളുകൾക്കെല്ലാം ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നിർബന്ധമാക്കും; നടപടികൾ ആരംഭിച്ച് ഭക്ഷ്യസുരക്ഷാ വിഭാ​ഗം

0

കോഴിക്കോട്: ഉച്ചഭക്ഷണം നല്‍കുന്ന സ്കൂളുകള്‍ക്കെല്ലാം ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വിഭാ​ഗം. മൂന്ന് സ്കൂളുകളിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാ​ഗം നടപടിക്കൊരുങ്ങുന്നത്. കായംകുളത്ത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് രാത്രിയോടെ അസ്വസ്ഥതകൾ ഉണ്ടാകുകയായിരുന്നു. 13 വിദ്യാർഥികളാണ് ഇതുവരെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്.

വിദ്യാർഥികൾക്ക് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായില്ല. എന്നാൽ സംഭവത്തെ തുടർന്ന് സ്കൂളുകളിൽ ആരോ​ഗ്യ വകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. കൊല്ലത്ത് കൊട്ടാരക്കരയിലെ അങ്കണവാടിയിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. അങ്കണവാടിയിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് പ്രശ്‌നം ഉണ്ടായതെന്ന് രക്ഷിതാക്കൾ ആരോപിച്ചിരുന്നു. വിവിധ സ്കൂളുകളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്കൂളുകളിലെ പാചകപ്പുരയും ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്യുന്ന രീതിയും മന്ത്രിമാർ നേരിട്ട് വിലയിരുത്തി.

കേരളത്തിലെ 13,000ത്തിലധികം സ്കൂളുകളിലാണ് ഉച്ചഭക്ഷണ പദ്ധതി പ്രകാരം കുട്ടികൾക്ക് ആഹാരം നൽകുന്നത്. നിലവിൽ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ എടുക്കണമെന്ന് നിർദേശമുണ്ടെങ്കിലും പല സ്കൂളുകളും ഇത് പാലിക്കുന്നില്ല. രജിസ്ട്രേഷൻ എടുക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയതായാണ് സ്കൂൾ അധികൃതർ പറയുന്നത്. എന്നാൽ ഭക്ഷ്യവിഷബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്റെ ആവശ്യകത വിദ്യാഭ്യാസ വകുപ്പിനെ ബോധ്യപ്പെടുത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതോടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രതീക്ഷ.

Leave A Reply

Your email address will not be published.