വീണ്ടും ദുരഭിമാനക്കൊല; കർണാടകയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

0

ബെം​ഗളൂരു: കർണാടകയിൽ ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൈസൂരു പെരിയപട്ടണയിലാണ് വീണ്ടുമൊരു ദുരഭിമാലക്കൊല കൂടി നടന്നത്. രണ്ടാം വര്‍ഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ശാലിനിയെയാണ് പിതാവ് കൊല്ലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

വൊക്കലിഗ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് പെണ്‍കുട്ടിയുടെ കുടുംബം. മൂന്ന് വർഷമായി മെളഹള്ളി സ്വദേശിയായ ദളിത് യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ എതിർത്ത പെൺകുട്ടിയുടെ വീട്ടുകാർ ആദ്യം യുവാവിന്റെ പേരിൽ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരായ പെൺകുട്ടി യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാർക്കൊപ്പം പോകില്ലെന്നും അറിയിച്ചു. ഇതോടെ പോലീസ് പെൺകുട്ടിയെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാക്കി. പിന്നീട് പെൺകുട്ടിയുടെ ആവശ്യ പ്രകാരം വീട്ടിലേക്ക് തിരിച്ച് കൊണ്ടുപോയി.

തുടര്‍ന്നും പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും പറഞ്ഞതോടെ പിതാവ്  കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം യുവാവിന്റെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ കൊണ്ടിട്ടതായും പോലീസ് പറയുന്നു.

താൻ കൊല്ലപ്പെട്ടാൽ അതിന് ഉത്തരവാദി കാമുകൻ അല്ല എന്ന വ്യക്തമാക്കി കൊണ്ടുള്ള ഒരു കത്ത് പെൺകുട്ടി നേരത്തെ പോലീസിന് കൈമാറിയിരുന്നു. അച്ഛൻ നിരന്തരം അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. മകളെക്കാൾ കൂടുതൽ അവർ ജാതിയെ ഇഷ്ടപ്പടുന്നുവെന്നും ശാലിനി എഴുതിയ കത്തിൽ പറയുന്നു. താൻ കൊല്ലപ്പെട്ടാൽ അതിന് ഉത്തരവാദികൾ തന്റെ മാതാപിതാക്കൾ മാത്രമായിരിക്കും എന്ന് പെൺകുട്ടി യുവാവിനോട് പറയുന്ന ഓഡിയോ ക്ലിപ്പും പോലീസിന് കൈമാറിയിട്ടുണ്ട്.
മഞ്ജുനാഥിനെ കൊല്ലാൻ പെൺകുട്ടിയുടെ മാതാപിതാക്കൾ രണ്ട് ലക്ഷം രൂപ വാടകക്കൊലയാളികൾക്ക് വാഗ്‌ദാനം ചെയ്തിരുന്നതായും മൂന്ന് വ്യാജപരാതികൾ യുവാവിനെതിരെ നൽകിയിരുന്നതായും യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു.
Leave A Reply

Your email address will not be published.