കണ്ണൂരിലെ യു.ഡി.എഫ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത; കെ. സുധാകരന് പൊലീസ് നോട്ടീസ് നല്‍കി

0

കണ്ണൂര്‍: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്‌ന സുരേഷിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വെള്ളിയാഴ്ച യു.ഡി.എഫ് നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയെന്ന് പൊലീസ്. സംഘര്‍ഷമുണ്ടാക്കരുതെന്ന് കെ.പി.സി.സി പ്രസിഡിന്റും കണ്ണൂര്‍ എം.പിയുമായ കെ. സുധാകരന് പൊലീസ് നോട്ടീസ് നല്‍കി.

കെ. സുധാകരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്. അക്രമം ഉണ്ടാകില്ലെന്ന് സുധാകരന്‍ ഉറപ്പുവരുത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റിനയച്ച കത്തില്‍ പറഞ്ഞു. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.യു.ഡി.എഫ് മാര്‍ച്ചിന് മുന്നോടിയായി കണ്ണൂരില്‍ വന്‍ പൊലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമായി 200 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പൊലീസിന്റെ ഭീഷണി വിലപ്പോകില്ലെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പ്രതികരിച്ചു.

കെ.ടി. ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. കേസ് നിലനില്‍ക്കില്ലെന്ന് സ്വപ്ന വാദിക്കും.

സ്വപ്നയും പി.സി. ജോര്‍ജും ചേര്‍ന്ന് ഗൂഢാലോചന നടത്തി, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ജലീലിന്റെ പരാതി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 120 ബി, 153 വകുപ്പുകള്‍ പ്രകാരമായിരുന്നു പൊലീസ് കേസ് എടുത്തിരിക്കുന്നത്.

സ്വപ്നക്ക് എതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് മുന്‍കൂര്‍ ജാമ്യ ഹരജി കോടതി ഇന്നലെ തള്ളിയിരുന്നു. അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ല.

ഹരജിക്ക് പിറകില്‍ രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കെ.ടി. ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസിന്റെ അറസ്റ്റ് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്നയും സരിത്തും ഹൈക്കോടതിയെ സമീപിച്ചത്.

Leave A Reply

Your email address will not be published.