നീറ്റ് പിജി 2021; ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്തണമെന്ന ഹർജികൾ സുപ്രീം കോടതി തള്ളി

0

ന്യൂഡൽഹി: നീറ്റ് പിജി 2021 പ്രവേശനത്തിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റിലേക്ക് കൗൺസിലിം​ഗ് നടത്തണമെന്ന ഹർജി തള്ളി സുപ്രീംകോടതി. പ്രത്യേക കൗൺസിലിം​ഗ് നടത്തേണ്ടതില്ലെന്ന സർക്കാരിന്റെയും മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെയും തീരുമാനം മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും താൽപ്പര്യ പ്രകാരമാണ്. അതിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബാക്കി വന്ന 1,456 സീറ്റുകൾ നികത്താൻ പ്രത്യേക സ്‌ട്രേ റൗണ്ട് കൗൺസലിംഗ് നൽകണമെന്നായിരുന്നു ആവശ്യം.

ജസ്റ്റിസുമാരായ എംആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

നീറ്റ് പിജി കൗണ്‍സിലിംഗിന് വേണ്ടി ഒരുക്കിയിരുന്നു പ്രത്യേക വെബ് പോര്‍ട്ടല്‍ നിലവിൽ പ്രവർത്തിക്കുന്നില്ലെന്ന് മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. 2021, 2022 വര്‍ഷത്തേക്കുള്ള നീറ്റ് പിജി കൗണ്‍സിലിംഗുകള്‍ ഒരുമിച്ചു നടത്താന്‍ കഴിയില്ലെന്നും കമ്മിറ്റി സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ബാക്കി വന്ന സീറ്റുകള്‍ ഡോക്ടര്‍മാര്‍ക്കുള്ളതല്ലെന്നും അധ്യാപകർക്കുള്ളതാണെന്നുമായിരുന്നു കേന്ദ്രം നൽകിയ വിശദീകരണം. ഈ സീറ്റ് സാധാരണയായി വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കാറില്ല. മുൻപും ഇത്തരത്തിൽ ഒഴിവുകൾ വന്നിരുന്നു. ഒഴിവുള്ള 1456 സീറ്റുകളില്‍ 1100 എണ്ണം സ്വകാര്യ മെഡിക്കല്‍ കോളജുകളിലാണ്.
Leave A Reply

Your email address will not be published.