രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘം മക്കയിൽ

0

മക്ക: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ നിന്ന് ജിദ്ദ വിമാനത്താവളം വഴിയുള്ള ആദ്യത്തെ ഹജ്ജ് തീര്‍ത്ഥാടക സംഘം മക്കയിലെത്തി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിലാണ് ജിദ്ദ വഴി 49 തീർത്ഥാടകർ മക്കയിലെത്തിയത്.

ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ വിമാനം ഇറങ്ങിയ തീര്‍ത്ഥാടകർക്ക് വിവിധ മലയാളി സംഘടനകൾ ഹൃദ്യമായ സ്വീകരണം നൽകി. ഭക്ഷണവും മറ്റ് സമ്മാനങ്ങളും നൽകിയാണ് മലയാളി സംഘടനകൾ ഇവരെ വരവേറ്റത്. കോഴിക്കോട് നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഖത്തര്‍ വഴി യാത്ര ചെയ്താണ് ഇവർ ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ എത്തിയത്. സ്ത്രീകളടക്കം 49 മലയാളി തീര്‍ത്ഥാടകരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.  മസ്ജിദുല്‍ ഹറാമിന് സമീപം ലേമെറിഡിയന്‍ ഹോട്ടലിലാണ് സംഘം താമസിക്കുന്നത്.

10 ലക്ഷം ഹാജിമാരാണ് ഇത്തവണ ഹജ്ജിനായി എത്തുന്നത്. ഇതില്‍ ഒന്നര ലക്ഷം സൗദിയില്‍ നിന്നുള്ള ആഭ്യന്തര തീര്‍ത്ഥാടകരാണ്. ഇന്ത്യയിൽ നിന്നും 79362 ഹാജിമാരാണ് ഇത്തവണ ഹജ്ജിനായി എത്തുന്നത്.

Leave A Reply

Your email address will not be published.