പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റണം; ഹർജി നൽകി മധുവിന്റെ കുടുംബം

0

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിനായി സർക്കാർ നിയമിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യം. മധുവിന്റെ അമ്മയും സഹോദരിയുമാണ് പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി കോടതിയിൽ ഹർജി നൽകിയത്. മണ്ണാർക്കാട് പട്ടികജാതി പട്ടിവർഗ്ഗ പ്രത്യേക കോടതിയിലാണ് മധുവിന്റെ കുടുംബം ഹർജി സമർപ്പിച്ചത്. എന്നാൽ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറെ കോടതിക്ക് മാറ്റാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

സർക്കാർ നിയമിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രനെ മാറ്റണമെന്നാണ് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കേസിലെ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. പ്രതികൾ മധുവിനെ മർദ്ദിച്ചത് കണ്ടില്ലെന്നാണ് സാക്ഷികൾ വിസ്താര സമയത്ത് കോടതിയിൽ പറഞ്ഞത്.

11ാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് കേസിൽ കൂറുമാറിയത്. നേരത്തെ മധുവിനെ പ്രതികൾ മർദ്ദിക്കുന്നത് കണ്ടുവെന്നാണ് ഇയാൾ മൊഴി നൽകിയിരുന്നത്. കോടതിയിൽ രഹസ്യ മൊഴി നൽകിയപ്പോളും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ വിസ്താരത്തിനിടെ ചന്ദ്രൻ മൊഴി മാറ്റി പറയുകയായിരുന്നു. പോലീസ് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിയെന്നാണ് വിസ്താരത്തിനിടെ ചന്ദ്രൻ പറഞ്ഞത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി അറിയിച്ചു. 10ാം സാക്ഷിയായിരുന്ന ഉണ്ണികൃഷ്ണനും കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് മധു കൊല്ലപ്പെടുന്നത്.

Leave A Reply

Your email address will not be published.