വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ‍്‍ച പരി​ഗണിക്കും; അറസ്റ്റിനുള്ള സംരക്ഷണം തുടരും

0

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് വീണ്ടും മാറ്റി. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരി​ഗണിക്കും. തിങ്കളാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. നടിയെ പീഡിപ്പിച്ചെന്ന പരാതിയിലും നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജൂൺ 10 വരെ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇത് തിങ്കളാഴ്ച വരെ നീട്ടിയിരിക്കുകയാണ്.

നേരത്തെ നടനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിജയ് ബാബു ഇതിനെ എതിർത്തു. കോടതി നിർദ്ദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. യുവനടിയുടെ പരാതിക്ക് പിന്നാലെ നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രതിക്കെതിരെ രണ്ടാമത്തെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ദുബായിലേക്കും അവിടെ നിന്ന് ജോർജിയയിലേക്കും വിജയ് ബാബു കടന്നിരുന്നു. നാട്ടിൽ തിരിച്ചെത്തിയാൽ മാത്രമെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കൂ എന്ന് കോടതി പറഞ്ഞതിന് പിന്നാലെയാണ് പ്രതി കേരളത്തിൽ തിരിച്ചെത്തിയത്.

ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്ന് വിജയ് ബാബു പറഞ്ഞിരുന്നു. ബ്ലാക്ക‍്മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണിതെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം. നടിക്ക് സിനിമയിൽ അവസരം നിഷേധിച്ചതാണ് ഇത്തരത്തിലൊരു പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് നടൻ സൈജുകുറുപ്പിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. വിജയ്ബാബു ഒളിവിൽ പോയപ്പോൾ ക്രെഡിറ്റ് കാർഡ് കൈമാറിയത് സൈജു കുറുപ്പാണ്. ഇതിനെ തുടർന്നാണ് പോലീസ് സൈജുവിനെ ചോദ്യം ചെയ്തത്. ക്രെഡിറ്റ് കാർഡ് കൈമാറുമ്പോൾ ബലാത്സംഗ പരാതിയെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് സൈജു കുറുപ്പ് മൊഴി നൽകിയത്.

ഏപ്രിൽ 22നാണ് നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. മാർച്ച് 16ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്ന് നടിയുടെ പരാതി പറയുന്നു.

Leave A Reply

Your email address will not be published.