സ്റ്റേഡിയത്തിനകത്ത് ക്രിക്കറ്റെങ്കില്‍ പുറത്ത് റോയല്‍ റംബിള്‍; രണ്ടാം മത്സരത്തിന്റെ ടിക്കറ്റിനായി തെരുവുയുദ്ധം നടത്തി ആരാധകര്‍; വീഡിയോ

0

ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റിനായി തെരുവില്‍ പോരടിച്ച് സ്ത്രീകള്‍. കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയ്ക്കിടെയാണ് സ്ത്രീകള്‍ തമ്മില്‍ തര്‍ക്കമുണ്ടായതും അടിപിടിയില്‍ കലാശിച്ചതും.

12,000 സീറ്റ് മാത്രമാണ് ബരാബതി സ്‌റ്റേഡിയത്തിലുള്ളത്. എന്നാല്‍ മത്സരം നേരിട്ട് കാണണമെന്ന മോഹവുമായി ടിക്കറ്റ് വാങ്ങാനെത്തിയതാവട്ടെ 40,000ലധികം പേരും.

ടിക്കറ്റ് വിതരണത്തിനിടെയാണ് വനിതാ ആരാധകര്‍ക്കിടയില്‍ തര്‍ക്കമുണ്ടാവുന്നതും തുടര്‍ന്ന് അടിപിടിയിലേക്ക് മാറിയതും. സംഘര്‍ഷം ശാന്തമാക്കുന്നതിനായി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

ടിക്കറ്റ് വില്‍പനയ്ക്കുള്ള വരിയിലേക്ക് ചില സ്ത്രീകള്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലായിരുന്നു പരമ്പരയിലെ ആദ്യ മത്സരം. റിഷബ് പന്തിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ പടയെ തോല്‍പിച്ചുകൊണ്ടായിരുന്നു പ്രോട്ടീസ് പരമ്പര ആരംഭിച്ചത്.

ഓപ്പണര്‍ ഇഷാന്‍ കിഷന്റെയും മറ്റ് താരങ്ങളുടെയും ബലത്തിലായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കയെതിരെ തങ്ങളുടെ എക്കാലത്തേയും വലിയ ടി-20 സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 48 പന്തില്‍ നിന്നും 78 റണ്‍സാണ് ഇഷാന്‍ നേടിയത്.

ഇഷാന് പുറമെ സഹ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് 15 പന്തില്‍ നിന്നും 23, ശ്രേയസ് അയ്യര്‍ 27 പന്തില്‍ നിന്നും 36, ക്യാപ്റ്റന്‍ റിഷബ് പന്ത് 16 പന്തില്‍ നിന്നും 29 എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 211 റണ്‍സാണ് ഇന്ത്യ നേടിയത്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ക്യാപറ്റന്‍ തെംബ ബെവുമയെ തുടക്കത്തിലെ നഷ്ടമായെങ്കിലും പ്രോട്ടീസ് ബാറ്റര്‍മാര്‍ കൃത്യമായി ബാറ്റ് വീശിയതോടെ ഇന്ത്യന്‍ റണ്‍മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

ഡേവിഡ് മില്ലറിന്റെും റാസി വാന്‍ ഡെര്‍ ഡുസന്റെയും ഉജ്ജ്വല ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്താനും പ്രോട്ടീസിനായി.

ഞായറാഴ്ചാണ് പരമ്പരയിലെ രണ്ടാം മത്സരം.

Leave A Reply

Your email address will not be published.