ഐ.പി.എല്‍ നടത്തി ശതകോടികള്‍ ലാഭമുണ്ടാക്കുന്ന ബി.സി.സി.ഐ കാണണം, ഇന്ത്യയില്‍ ദിവസം 100 രൂപ പോലും ശമ്പളം ലഭിക്കാത്ത ഈ താരങ്ങളെ

0

ക്രിക്കറ്റ് ലോകത്തെ തന്നെ ഗ്ലാമര്‍ ഫ്രാഞ്ചൈസി ലീഗുകളില്‍ പ്രധാനമാണ് ഐ.പി.എല്‍. കളിയുടെ കാര്യത്തിലായാലും ഒഴുകുന്ന പണത്തിന്റെ കാര്യത്തിലായാലും മറ്റ് ലീഗുകളെ അപേക്ഷിച്ച് നമ്പര്‍ വണ്‍ ഐ.പി.എല്‍ തന്നെ.

ഓരോ സീസണ്‍ കഴിയുമ്പോഴും കോടികളാണ് ബി.സി.സി.ഐയുടെ കീശയില്‍ വരുന്നത്. ടീമുകളില്‍ നിന്നുള്ള വരുമാനമായും പരസ്യവരുമാനവായും സംപ്രേക്ഷണത്തില്‍ നിന്നുള്ള വരുമാനവുമായും ബി.സി.സി.ഐ കോടികള്‍ ഓരോ വര്‍ഷവും നേടുന്നുണ്ട് (താരങ്ങള്‍ക്കായി ചെലവാക്കുന്നുമുണ്ട്).

എന്നാല്‍ ബി.സി.സി.ഐ അറിയാതെ പോകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ആഭ്യന്തര ക്രിക്കറ്റ് ബോര്‍ഡിലെ കെടുകാര്യസ്ഥതമൂലം ഒന്നും നേടാനാവാതെ പോകുന്ന അടിത്തട്ടിലെ താരങ്ങളുടെ അവസ്ഥ അതി ദയനീയമാണ്. സാധാരണ ഒരു കൂലിപ്പണിക്കാരന് പോലും ലഭിക്കുന്ന ശമ്പളമോ അലവന്‍സോ ലഭിക്കാത്ത താരങ്ങള്‍ നിരവധിയുണ്ട്.

പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ജെയ്മി ആള്‍ട്ടറിന്റെ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് പ്രകാരം ഉത്തരാഖണ്ഡ് ക്രിക്കറ്റ് ബോര്‍ഡില്‍ നടക്കുന്നത് വലിയ രീതിയിലുള്ള അഴിമതിയാണ്.

രഞ്ജി ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉത്തരാഖണ്ഡ് മുംബൈയോട് 725 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു. ടീമിന്റെ മോശം പ്രകടനത്തിന് കാരണം സംസ്ഥാനത്തെ ക്രിക്കറ്റ് ബോര്‍ഡിന്റെ അനാസ്ഥയും കളിക്കാരോടുള്ള മോശം സമീപനവും കാരണമാണെന്നാണ് ആള്‍ട്ടറിന്റെ കണ്ടെത്തല്‍.

അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉത്തരാഖണ്ഡ് ടീമിലെ ഓരോ താരത്തിനും 100 രൂപ വീതമാണ് ക്രിക്കറ്റ് ബോര്‍ഡ് അലവന്‍സായി നല്‍കുന്നത്.

രഞ്ജി കളിക്കുന്ന ഓരോ താരത്തിനും ഏറ്റവും ചുരുങ്ങിയത് 1,500 രൂപയെങ്കിലും ഒരു ദിവസം അലവന്‍സായി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, വാസ്തവത്തില്‍, അവര്‍ക്ക് അവരുടെ ഔദ്യോഗിക ശമ്പളത്തിന്റെ 7%ല്‍ താഴെ മാത്രമാണ് നല്‍കുന്നത്. അങ്ങനെയെങ്കില്‍ ബാക്കി പണം എവിടെ എന്നാണ് ആള്‍ട്ടര്‍ ചോദിക്കുന്നത്.

കളിക്കാരുമായി നടത്തിയ ആശയവിനിമയങ്ങള്‍ക്കൊടുവില്‍, നിരവധി തവണ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് 100 രൂപ ഡി.എ നല്‍കുന്നതുപോലും എന്നും അദ്ദേഹം പറയുന്നു.

ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. പണം തട്ടാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ നടത്തിയ കള്ളക്കണക്കിന്റെ ലിസ്റ്റും ആള്‍ട്ടര്‍ പുറത്തുവിട്ടു.

കളിക്കാര്‍ക്കുള്ള ഭക്ഷണം – 1,74,07,346 (ഏകദേശം ഒന്നേമുക്കാല്‍ കോടി)

ഡെയ്‌ലി അലവന്‍സ് – 49,58,750 (ഏകദേശം 50 ലക്ഷം)

വാഴപ്പഴം – 35,00,000 (35 ലക്ഷം)

മിനറല്‍ വാട്ടര്‍ – 22,00,000 (22 ലക്ഷം)

ഈ കണക്ക് പ്രകാരം വാഴപ്പഴത്തിനും വെള്ളത്തിനുമായി 57 ലക്ഷത്തിലധികം രൂപയാണ് ബോര്‍ഡ് ചെലവാക്കിയത്.

കളിക്കാര്‍ക്ക് അവരുടെ ദൈന്യംദിന ചെലവുകള്‍ പോലും ലഭിക്കാതിരിക്കുമ്പോള്‍ അവര്‍ക്ക് എങ്ങനെയാണ് മത്സരങ്ങളില്‍ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുകയെന്നും ആള്‍ട്ടര്‍ ചോദിക്കുന്നു.

Leave A Reply

Your email address will not be published.