പ്രവാചക വിരുദ്ധ പരാമർശം; പ്രതിഷേധത്തിനിടെ വെടിയേറ്റ രണ്ട് പേർ മരിച്ചു

0

റാഞ്ചി: ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവെയ്പിൽ രണ്ട് മരണം. പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിനിടെയായിരുന്നു വെടിവെയ്പ്. സംഘർഷത്തിൽ 11 പ്രതിഷേധക്കാർക്കും 12 പോലീസുകാർക്കും പരിക്കേറ്റിരുന്നു. പ്രതിഷേധത്തെ തുടർന്ന് റാഞ്ചിയിലും കശ്മീരിലും കൊൽക്കത്ത ഹൗറയിലും കർഫ്യൂ പ്രഖ്യാപിച്ചു. വെടിവെപ്പ് സംബന്ധിച്ച് സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷമാണ് രാജ്യത്ത് വിവിധയിടങ്ങളിൽ വൻ റാലികളും പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറിയത്. പലയിടത്തും പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധത്തിനിടെ വിവിധ ഇടങ്ങളിലായി അമ്പതോളം പേർ അറസ്റ്റിലായി. പരാമർശം നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഡൽഹി, ഉത്തർപ്രദേശ്, ജമ്മുകശ്മീർ, തെലങ്കാന, മഹാരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഘർഷം രൂക്ഷമായിരുന്നു. ഡൽഹി ജുമാമസ്ജിദിൽ നമസ്കാരം കഴിഞ്ഞിറങ്ങിയ വിശ്വാസികൾ നുപൂർ ശർമ്മയ്ക്കും നവീൻ ജിൻഡലിനുമെതിരെയുള്ള പോസ്റ്ററുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. മുന്നൂറിലധികം ആളുകളാണ് ഇവിടെ ഒത്തുകൂടിയത്.

ജാമിയ മിലിയ സർവകലാശാലയ്ക്കുള്ളിൽ ക്യാമ്പസ് ഫ്രണ്ട് സംഘടനാ വിദ്യാർത്ഥികൾ നുപൂർ ശർമയുടെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്. ഉത്തർപ്രദേശിൽ പ്രതിഷേധത്തിനിടെ വിവിധയിടങ്ങളിൽ പോലീസിന് നേരെ കല്ലേറുണ്ടായി. റാഞ്ചിയിലെ ഹനുമാൻ ക്ഷേത്രത്തിന് സമീപമുണ്ടായ പ്രതിഷേധം നിയന്ത്രിക്കുന്നതിനിടെ പോലീസുകാരന് വെടിയേറ്റു. പ്രയാഗ്രാജിലും സഹറാൻപുരിയിലും കല്ലേറുണ്ടായി. പ്രതിഷേധങ്ങൾ സംഘർഷത്തിലേക്കും നീങ്ങിയതോടെ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകി.

Leave A Reply

Your email address will not be published.