ലാറയുടെ റെക്കോഡ് തകര്‍ക്കാന്‍ അവന് മാത്രമേ സാധിക്കുകയുള്ളു; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി മക്കല്ലം

0

ക്രിക്കറ്റിലെ എക്കാലത്തേയും വലിയ റെക്കോഡുകളിലൊന്നാണ് വെസ്റ്റ് ഇന്ഡീസ് ഇതിഹാസമായ ബ്രയാന്‍ ലാറയുടെ ടെസ്റ്റിലെ ഒരിന്നിങ്‌സിലെ 400 റണ്‍ എന്ന റെക്കോഡ്. 300ന് മുകളില്‍ ഒരുപാട് താരങ്ങള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടുവെങ്കിലും ലാറയുടെ 400 എന്ന റെക്കോഡിന്റെ ഒപ്പം എത്താന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.

ഇന്ത്യന്‍ ക്യാപറ്റനും ഓപണിങ് ബാറ്ററുമായ രോഹിത് ശര്‍മക്ക് മാത്രമേ ലാറയുടെ ഈ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുള്ളുവെന്നാണ് മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റനായ ബ്രന്‍ഡന്‍ മക്കല്ലത്തിന്റെ അഭിപ്രായം.ലാറയുടെ 400 റണ്‍സ് എന്ന റെക്കോഡ് തകര്‍ക്കാന്‍ നിലവില്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്,’ എന്നാണ് മക്കല്ലം പറഞ്ഞത്.

വലിയ ഇന്നിങ്‌സുകള്‍ കളിക്കുന്നതിന് പേരുകേട്ട കളിക്കാരനാണ് രോഹിത് ശര്‍മ. ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തികത സ്‌കോര്‍ രോഹിത് ശര്‍മയുടേതാണ്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 264 റണ്ണാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍.

മൂന്ന് തവണയാണ് ഏകദിനത്തില്‍ ഒരിന്നിങ്‌സില്‍ രോഹിത് 200 റണ്‍സ് നേടിയിട്ടുള്ളത്. 2013ല്‍ ഓസീസനെതിരെ നേടിയ 209 റണ്ണാണ് താരത്തിന്റെ ആദ്യ 200 റണ്‍ എന്ന നേട്ടം.

എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ താരം ഏകദിനത്തിലെ അത്രയും മികവ് കാണിക്കാറില്ല. എന്നാലും വലിയ ഇന്നിങ്‌സിനുള്ള മരുന്ന് താരത്തിനുണ്ടെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.നേരത്തെ ഏകദിനത്തില്‍ ഒരു ഇന്നിങ്‌സില്‍ 300 റണ്‍ എന്ന നേട്ടം കൈ വരിക്കാന്‍ സാധിക്കുന്ന താരം രോഹിത് ആണെന്ന് മക്കല്ലം പറഞ്ഞിരുന്നു. സെഞ്ച്വറി അടിച്ചതിന് ശേഷം കത്തികയറാന്‍ സാധിക്കുന്നത് താരത്തിന്റെ പ്രത്യേകതയാണ്. ടെസ്റ്റില്‍ ഒരു ഡബിള്‍ സെഞ്ച്വറി രോഹിത് നേടിയിട്ടുണ്ട്.

2004ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ലാറ ഈ ഐതിഹാസികമായ സ്‌കോര്‍ നേടിയത്. 18 കൊല്ലമായിട്ടും ലാറയുടെ ഈ റെക്കോഡ് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാതെ നിലനിന്നു പോകുന്നു.

അടുത്ത മാസമാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രോഹിതിന്റെ വലിയ ഇന്നിങ്‌സ് ഈ പരമ്പരയില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

 

Leave A Reply

Your email address will not be published.