ഐ.പി.എല്ലിന് മുമ്പില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഒന്നുമല്ല, എല്ലാത്തിനേക്കാളും കൂടുതല്‍ പണം സമ്പാദിക്കുന്നത് ഞങ്ങള്‍ തന്നെ; വമ്പന്‍ പ്രസ്താവനയുമായി ഗാംഗുലി

0

ലോകത്തിലെ തന്നെ ഗ്ലാമര്‍ ലീഗുകളില്‍ ഒന്ന് എന്ന പദവി ഐ.പി.എല്‍ ഇതിനോടകം തന്നെ നേടിയെടുത്തിട്ടുണ്ട്. കാണികളുടെ കാര്യത്തിലായാലും ഒഴുകുന്ന പണത്തിന്റെ കാര്യത്തിലായാലും ഐ.പി.എല്‍ എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാവും.

ക്രിക്കറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ ബിഗ് ബാഷ് ലീഗിനെയും കടത്തി വെട്ടി ഒന്നാമതെത്തിനില്‍ക്കുന്ന ഐ.പി.എല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ് പോലുള്ള ഫുട്‌ബോള്‍ ലീഗുകളോടും പണത്തിന്റെയും കാണികളുടെയും കാര്യത്തില്‍ മുട്ടി നില്‍ക്കാന്‍ പ്രാപ്തരാണ്.ഇപ്പോഴിതാ ഐ.പി.എല്ലിനെ കുറിച്ച് വമ്പന്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി.

ഐ.പി.എല്ലിന് മുമ്പില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (ഇ.പി.എല്‍) ഒന്നുമല്ല എന്ന തരത്തിലുള്ള പ്രസ്താവനയാണ് ഗാംഗുലി നടത്തിയിരിക്കുന്നത്.

ഇ.പി.എല്ലിനേക്കാളും കൂടുതല്‍ കാശ് വാരുന്നത് തങ്ങളാണെന്നാണ് ഗാംഗുലിയുടെ വാദം.കാലം പോകും തോറും ക്രിക്കറ്റിന് പരിണാമം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. താരങ്ങള്‍ കോടിക്കണക്കിന് രൂപയാണ് ഇപ്പോള്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നത്.ഈ രാജ്യത്തെ ആളുകളും ആരാധകരുമാണ് ഐ.പി.എല്ലിനെ മുന്നോട്ട് കൊണ്ടുപോകുന്നത്, ഇതിനെ നിയന്ത്രിക്കുന്നതാകട്ടെ ആരാധകര്‍ രൂപീകരിച്ച ബി.സി.സി.ഐയും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെക്കാളും കൂടുതല്‍ വരുമാനമാണ് ഐ.പി.എല്‍ നേടിക്കൊണ്ടിരിക്കുന്നത്,’ ഗാംഗുലി പറയുന്നു.

ടീമുകളില്‍ നിന്നുള്ള വരുമാനവും പുതിയ ടീമുകളെ ഉള്‍ക്കൊള്ളിച്ചതിന്റെ ഭാഗമായി നേടിയ തുകയും സംപ്രേക്ഷണാവാകാശത്തിനുള്ള മീഡിയ ലേലവുമടക്കം (50,000 കോടി ലഭിക്കണമെന്ന് ഗാംഗുലി നേരത്തെ ആവശ്യപ്പെട്ടിരുന്നു) ബി.സി.സി.ഐ ഈ സീസണില്‍ മാത്രം കൈക്കലാക്കിയ പണത്തിന് കൈയും കണക്കുമില്ല.

കഴിഞ്ഞ സീസണെ അപേക്ഷിച്ച് അല്‍പം കൂടി വലിയ ക്യാന്‍വാസിലായിരുന്നു ഇത്തവണത്തെ മത്സരം നടന്നത്. പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയതിന് പിന്നാലെ 74 മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നടന്നത്.അടുത്ത സീസണ്‍ മുതല്‍ ഐ.പി.എല്ലിലെ മത്സരങ്ങളുടെ എണ്ണമടക്കം വര്‍ധിപ്പിച്ച് വരുമാനവും പ്രശസ്തിയും വര്‍ധിപ്പിക്കാനാണ് ബി.സി.സി ഐ ലക്ഷ്യമിടുന്നത്.

Leave A Reply

Your email address will not be published.