ജോയ് മാത്യുവും ഹരീഷ് പേരടിയും ആരെയാണ് സുഖിപ്പിക്കുന്നത്? ഇടതുപക്ഷ വിരുദ്ധത തിളപ്പിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്: കെ.ടി. കുഞ്ഞിക്കണ്ണന്‍

0

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്ന ആരോപണത്തില്‍ പ്രതികരിച്ച നടന്‍ ജോയ് മാത്യുവിനും ഹരീഷ് പേരടിയ്ക്കുമെതിരെ സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍.

മനോരമ ചാനലടക്കമുള്ള ഇടതുപക്ഷ വിരോധം പതപ്പിക്കുന്നവരുടെ അസംബന്ധ പ്രചരണങ്ങള്‍ ഏറ്റുപിടിച്ച് രോഷ പോസ്റ്റുകളിടുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയും ആരെയാണ് സുഖിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.വ്യാജോക്തികളിലും അന്തസാരശൂന്യമായ പരിഹാസങ്ങളിലും ഇടതുപക്ഷ വിരുദ്ധത തിളപ്പിക്കുന്നവര്‍ ഇന്നത്തെ സാഹചര്യത്തില്‍ കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് സമാധാനിക്കാനാവുമെന്ന് തോന്നുന്നില്ല.

ഒരു രാജ്യമാകെ സംഘപരിവാറും അവരുടെ ഭരണകൂടവും പ്രതിഷേധിക്കുന്നവരെ വെടിവെച്ച് കൊല്ലുന്ന നാളുകളിലാണ് കേരള സര്‍ക്കാറിനെതിരെ വ്യാജനിര്‍മിതികള്‍ വലതുപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് തിളപ്പിച്ചെടുക്കുന്നതെന്ന് ഓര്‍മിക്കണം,’ കെ.ടി. കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നാഗ്പൂരിലെ ആര്‍.എസ്.എസ് ചിന്ത സംഭരണികളുടെ കമ്യൂണിസ്റ്റ് വിരുദ്ധ ഗൂഡാലോചനയിലാണ് കേരളവും പിണറായി വിജയന്‍ സര്‍ക്കാറും ടാര്‍ജെറ്റ് ചെയ്യപ്പെടുന്നതെന്ന് ഈ സുഹൃത്തുക്കള്‍ മനസിലാക്കുന്നില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

കണക്കുകൂട്ടലുകളെ അസ്ഥാനത്താക്കി കൊണ്ട് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഉണ്ടായി എന്നത് അവര്‍ക്ക് സഹിക്കാവുന്നതല്ലല്ലോയെന്നും കേന്ദ്ര ഏജന്‍സികളെ അഴിച്ചുവിട്ടിട്ടും സ്വര്‍ണക്കടത്ത് അടക്കമുള്ള ദുരാരോപണങ്ങള്‍ മാധ്യമസഹായത്തോടെ ഇടതുപക്ഷത്തിനെതിരായി പ്രചാരവേലകളായി അഴിച്ചുവിട്ടിട്ടും കേരള ജനത ഇടതുപക്ഷത്തോടൊപ്പം നിന്നുവെന്നും കെ.ടി. കുഞ്ഞിക്കണ്ണന്‍ വ്യക്തമാക്കി.

ഇപ്പോള്‍ പി.സി ജോര്‍ജിനെയും കൃഷ്ണ രാജിനെയും പോലുള്ള വിദ്വേഷപ്രചാരകരും ആര്‍.എസ്.എസിന്റെ എന്‍.ജി.ഒയും സ്വര്‍ണക്കടത്തുകാരിയെ മുന്നില്‍ നിര്‍ത്തി നടത്തുന്ന പുതിയ മൊഴിനാടകങ്ങളെ മുന്‍നിര്‍ത്തിയുമാണ് തെരുവില്‍ കളി തുടങ്ങിയിരിക്കുന്നത്.

വളരെ ആസൂത്രിതമായി കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കങ്ങളാണിത്.
മുഖ്യമന്ത്രിയുടെ സുരക്ഷക്ക് വരെ ഭീഷണിയുയര്‍ത്തി ബിരിയാണി ചെമ്പുമേന്തി കലാപം സൃഷ്ടിക്കാമെന്ന വില കുറഞ്ഞ വലതുപക്ഷരാഷ്ട്രീയക്കളിയാണ് ഇതെന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും നഷ്ടപ്പെട്ടു പോകുന്നത് കഷ്ടമാണെന്നേ പറയാനുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി ജോയ് മാത്യുവും ഹരീഷ് പേരടിയും നേരത്തെ രംഗത്തെത്തിയിരുന്നു.
കറുത്ത് മാസ്‌ക്ക് ധരിക്കുമെന്നും അതിന് ആരെയും പേടിക്കുന്നില്ല എന്നുമായിരുന്നു ഇരുവരുടെയും പോസ്റ്റ്.

 

Leave A Reply

Your email address will not be published.