പ്രണവിന്റെ റോളില്‍ ഞാനായിരുന്നെങ്കില്‍ മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയേനെ; കാശ് കൊടുത്തെങ്കിലും വാങ്ങിച്ചേനെ: ധ്യാന്‍ ശ്രീനിവാസന്‍

0

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ വിശാഖ് സുബ്രഹ്മണ്യം തന്നെ നിര്‍മിച്ച ഹൃദയം നേരത്തെ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

ഹൃദയത്തില്‍ എന്തുകൊണ്ട് ധ്യാന്‍ ശ്രീനിവാസനെ കാസ്റ്റ് ചെയ്തില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിശാഖ് സുബ്രഹ്മണ്യവും ധ്യാന്‍ ശ്രീനിവാസനും. പ്രകാശന്‍ പറക്കട്ടെയുടെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

ഹൃദയം സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന് എന്തുകൊണ്ടായിരുന്നു അവസരം കൊടുക്കാതിരുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് രസകരമായാണ് ഇരുവരും മറുപടി പറയുന്നത്.

പടം കണ്ടായിരുന്നോ, ക്യാംപസ് സ്റ്റോറിയല്ലേ. അതില്‍ ക്യാംപസിലെല്ലാം പുതിയ ആള്‍ക്കാരല്ലേ, അപ്പൊ ധ്യാനിന് ഏത് റോള് കൊടുക്കും,” വിശാഖ് സുബ്രഹ്മണ്യം ചോദിച്ചു.

എവിടെയെങ്കിലും ഒരു റോള് കൊടുത്തുകൂടെ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ഞാന്‍ അങ്ങനെ എവിടെയെങ്കിലും ഉള്ള റോള് ചെയ്യാനാണോ’ എന്നായിരുന്നു രസകരമായി ധ്യാന്‍ നല്‍കിയ മറുപടി.എനിക്ക് അതിനകത്ത് തരാന്‍ പറ്റിയ റോള്‍ ഏതായിരുന്നെന്ന് പറയൂ. എനിക്ക് തോന്നിയ ഒറ്റ റോളേ ഉള്ളൂ. അത് പ്രണവിന്റെ റോളായിരുന്നു. അത് പിന്നെ പോയി.

ഞാന്‍ ആകെ ചെയ്യാന്‍ ആഗ്രഹിച്ചത് പ്രണവിന്റെ റോളായിരുന്നു, അത് പോയി, അരുണ്‍ നീലകണ്ഠന്‍,” ധ്യാന്‍ ചിരിച്ചുകൊണ്ട് കൂട്ടിച്ചര്‍ത്തു.

അങ്ങനെയായിരുന്നെങ്കില്‍ സിനിമക്ക് രണ്ട് അവാര്‍ഡ് കിട്ടിയേന എന്ന അവതാരകയുടെ കമന്റിന് ‘മികച്ച നടന്‍ അവാര്‍ഡ്, അത് ഉറപ്പായും കിട്ടിയേനെ. ഞാന്‍ കാശ് കൊടുത്ത് എങ്ങനെയെങ്കിലും വാങ്ങിച്ചേനെ,’ എന്നായിരുന്നു ധ്യാനിന്റെ കൗണ്ടര്‍.

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഹൃദയത്തില്‍ ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരായിരുന്നു നായികമാര്‍. അരുണ്‍ നീലകണ്ഠന്‍ എന്നായിരുന്നു പ്രണവ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര്.

ദിലീഷ് പോത്തന്‍, നിഷ സാരംഗ്, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരാണ് പ്രകാശന്‍ പറക്കട്ടെയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ധ്യാനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Leave A Reply

Your email address will not be published.