കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി രാത്രിയിൽ തങ്ങിയത് കണ്ണൂരിലെ ഗസ്റ്റ് ഹൌസിൽ

0

കണ്ണൂർ: ഇന്നലെ രാത്രി സ്വന്തം നാടായ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. മലപ്പുറത്തും കോഴിക്കോടും പ്രതിഷേധം അരങ്ങേറിയ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. സ്വന്തം വീട്ടിൽ താമസിക്കുവാൻ തീരുമാനിച്ച മുഖ്യമന്ത്രിയെ സുരക്ഷ ഒരുക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ പോലീസ് അറിയിച്ചതിനെ തുടർന്നാണ് തീരുമാനം മാറ്റിയത് .

കണ്ണൂരിൽ മുഖ്യമന്ത്രിക്ക് ഇന്ന് ഒരു പൊതുപരിപാടിയാണ് ഉള്ളത്. രാവിലെ 10.30ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാണ്  അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. വഴിയിലും പരിപാടി സ്ഥലത്തും കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷ യുവജന സംഘടനകൾ ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കോളേജ് പരിസരത്തും റോഡുകളിലും ഉള്‍പ്പെടെ കടുത്ത സുരക്ഷ ഒരുക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ കണ്ണൂരിലേക്കുള്ള യാത്രക്കിടെ വടകരയില്‍ വച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. പ്രതിഷേധത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.  ഇതിനെത്തുടർന്ന് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കനത്ത സുരക്ഷയ്ക്കിടയിലും ഇന്നലെ കോഴിക്കോട്ടും പലയിടത്ത് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധക്കാർ കരിങ്കൊടി കാട്ടിയിരുന്നു. കാരമ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും, യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചു.

 

Leave A Reply

Your email address will not be published.