സിദ്ദു മൂസെവാലയുടെ കൊലയാളി അറസ്റ്റിൽ, അറസ്റ്റിലായത് ഷൂട്ടർ സന്തോഷ് ജാദവ്

0

Gujarath : പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ്.  മൂസെവാലയെ വെടിയുതിർത്ത സംഘത്തിലെ സന്തോഷ് ജാദവ് ആണ് അറസ്റ്റിലായത്. സന്തോഷ് ജാദവിനെ ഗുജറാത്തിൽ നിന്നാണ് പൂനെ പോലീസ് പിടികൂടിയത്.   ഇത് അക്രമിസംഘത്തിലെ ആദ്യത്തെ അറസ്റ്റാണ്.

അറസ്റ്റിലായ സന്തോഷ് ജാദവ് ഷൂട്ടറാണെന്നാണ് വിവരം. ഇയാളുടെ കൂട്ടാളികൂടി പിടിയിലായിട്ടുണ്ടെന്നും സൂചനയുണ്ട്. അക്രമി സംഘത്തിലെ മറ്റുള്ളവരിലേക്ക് കൂടി എത്താൻ ഈ അറസ്റ്റ് നിർണായകമാകും.  ഓംകാർ ബാങ്ക്ഹുല എന്നയാളെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഒരു വർഷമായി സന്തോഷ് ജാദവ് ഒളിവിലായിരുന്നു. കൊല നടത്തിയ സംഘവുമായി ബന്ധമുള്ള മഹാകാൾ എന്നയാളെ മഹാരാഷ്ട്ര പോലീസും ഡൽഹി പോലീസും ചേർന്ന് പിടികൂടിയിരുന്നു. മൂസേവാലയുടെ സുരക്ഷ പിൻവലിച്ചതിനു തൊട്ട‍ു പിന്നാലെയുണ്ടായ കൊലപാതകത്തിൽ സർക്കാരിനെതിരെ  പ്രതിഷേധം ശക്തമായിരുന്നു.

ഗായകനും കോൺഗ്രസ് നേതാവുമായ മൂസേവാലയുടെ കൊലപാതകം തിഹാർ ജയിലിലുള്ള ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തെന്ന് ഡൽഹി പോലീസ് നേരത്തെ അറിയിച്ചിരുന്നു. മെയ് 29നാണ് പഞ്ചാബിലെ മാൻസ ജില്ലയിലെ ജവർഹകെ ഗ്രാമത്തിൽ മൂസേവാലയെ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തിയത്.

ഇതോടെ സംഭവത്തിൽ പഞ്ചാബ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.   പ്രമുഖരുടെ സുരക്ഷ കുറച്ചതിൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് രൂക്ഷമായ വിമർശനം നേരിടേണ്ടിവന്നിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ്  കോണ്‍ഗ്രസ് ഉയർത്തുന്നത്.

Leave A Reply

Your email address will not be published.