അരുണ്‍ ഡി. ജോസിന്റെ സംവിധാനത്തിലൊരുങ്ങിയ ജോ ആന്റ് ജോ കഴിഞ്ഞ മെയ് 13നാണ് തിയേറ്ററുകളിലെത്തിയത്. നിഖില വിമല്‍, മാത്യു തോമസ്, നസ്ലിന്, മെല്വിന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം വാണിജ്യ വിജയത്തോടൊപ്പം പ്രേക്ഷക പ്രശംസയും നേടിയിരുന്നു.
ജൂണ്‍ പത്ത് മുതല്‍ ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തെ പറ്റിയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ സജീവമാവുകയാണ്.കൂട്ടത്തില്‍ ഏറ്റവുമധികം പ്രശംസ ലഭിക്കുന്നത് നസ്ലിന് അവതരിപ്പിച്ച മനോജ് സുന്ദരനാണ്. നിഖില അവതരിപ്പിച്ച ജോമോളൊഴിച്ച് ബാക്കി എല്ലാവരും സുന്ദരനെന്നാണ് നസ്ലിന്റെ കഥാപാത്രത്തെ വിളിക്കുന്നത്.
ബന്ധുവായ അമ്മാവനോട് രണ്ടും കല്പിച്ച് താന്‍ സിഗരറ്റ് വലിക്കുമെന്ന് പറയുന്ന രംഗവും മുറുക്കാന്‍ ചവച്ച് ബോധം കെട്ട് കിടക്കുന്ന രംഗവുമാണ് പ്രേക്ഷകര്‍ എടുത്ത് പറയുന്നത്. ജോമോളോടുള്ള സുന്ദരന്റെ പ്രണയവും അവളെ കാണുമ്പോഴുള്ള സൂഷ്മ ഭാവങ്ങളും വരെ പ്രേക്ഷകര്‍ ആസ്വദിച്ചിരുന്നു. രസിപ്പിച്ച ഒരുപാട് കഥാപാത്രങ്ങളുണ്ടായിരുന്നെങ്കിലും നിറഞ്ഞുനിന്നത് നസ്ലിനായിരുന്നു എന്ന് പ്രേക്ഷകര്‍ പറയുന്നു.
നേരത്തെയും ചിത്രത്തിലെ സഹതാരങ്ങള്‍ പ്രധാനതാരത്തെക്കാളും സ്കോര്‍ ചെയ്യുന്ന ട്രെന്‍ഡ് വന്നിരുന്നു. തണ്ണീര്മത്തന്ദിനങ്ങളില് മാത്യുവിനെക്കാളും നസ്ലിന്റെ കഥാപാത്രത്തെയായിരുന്നു പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടത്. സൂപ്പര്‍ ശരണ്യയില്‍ അനശ്വരയെക്കാള് മമിത ബൈജുവും ഷോ അടിച്ചു മാറ്റിയിരുന്നു.ജോണി ആന്റണി, സ്മിനു സിജോ, കലാഭവന്‍ ഷാജോണ്‍, ബിനു അടിമാലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വഹിക്കുന്നു. ഗോവിന്ദ് വസന്താണ് സംഗീത സംവിധാനം.