സഞ്ജുവിനെ ഇവരുടെ കണ്ണില്‍ പിടിക്കില്ലേ, വിക്കറ്റ് കീപ്പര്‍ക്ക് പകരക്കാരന്‍ വിക്കറ്റ് കീപ്പര്‍ തന്നെ ആവണ്ടേ; രാഹുലിന് പകരക്കാരനെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം

0

നെറ്റ്‌സില്‍ പ്രാക്ടീസിനിടെ കൈഞെരമ്പിന് പരിക്കേറ്റതോടെയാണ് കെ.എല്‍. രാഹുല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നിന്നും പുറത്തായത്. താരത്തിന് ഇതുവരെ പകരക്കാരനെ ടീം കണ്ടെത്തിയിട്ടില്ല.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ രാഹുല്‍ ഉള്‍പ്പെട്ടേക്കും. എന്നാല്‍ അപ്പോഴും താരത്തിന്റെ പരിക്ക് ഭേദമായിട്ടില്ലെങ്കില്‍ ഇന്ത്യന്‍ ടീം താരത്തിന് പകരക്കാരനെ കണ്ടെത്തേണ്ടിവരുമെന്നുറപ്പാണ്.

അങ്ങനെ ഒരു സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ കെ.എല്‍. രാഹുലിന് പകരക്കാരനായുള്ള ഒരു പൊട്ടെന്‍ഷ്യല്‍ റീപ്ലേസ്‌മെന്റിനെ കണ്ടെത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.

ഇന്ത്യന്‍ യുവതാരം ഋതുരാജ് ഗെയ്ക്‌വാദിനെയാണ് ജാഫര്‍ പകരക്കാരനായി നിര്‍ദേശിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പറും ഓപ്പണര്‍ ബാറ്ററുമായ കെ.എല്‍ രാഹുലിന് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് പകരം ഒരു ഓപ്പണറെയാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്.

ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

‘ഇതുവരെ രണ്ട് ഇന്നിങ്‌സുകളല്ലേ കഴിഞ്ഞുള്ളൂ. ദല്‍ഹിയില്‍ അദ്ദേഹം മികച്ച ഇന്നിങ്‌സാണ് കളിച്ചത്. അതൊരു സൂപ്പര്‍ ഇന്നിങ്‌സ് അല്ലായിരുന്നു, പക്ഷേ വളരെ ആകര്‍ഷകമായ ഒന്നായിരുന്നു.

ടീമില്‍ മൂന്നാം ഓപ്പണറായി മറ്റൊരു താരവും ഇല്ലാത്തതിനാല്‍ ഭാവിയിലും അവന് അവസരം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു.

രാഹുലിന് ഇനിയും പകരക്കാരനെ കണ്ടെത്താനായിട്ടില്ല. പരിക്ക് കാരണം രാഹുലിന് ലോകകപ്പില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ടി-20 ലോകകപ്പ് ടീമില്‍ ഇടംനേടാന്‍ സാധിക്കും,’ വസീം ജാഫര്‍ പറയുന്നു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കുള്ള ടീമില്‍ ഗെയ്ക്‌വാദും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്രകണ്ട് മികച്ച പ്രകടനമല്ല താരം പുറത്തെടുക്കുന്നത്.ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 15 പന്തില്‍ നിന്നും 23 റണ്‍സാണ് താരം നേടിയതെങ്കില്‍ കട്ടക്കിലെ രണ്ടാം മത്സരത്തില്‍ ഒരു റണ്‍ മാത്രമാണ് താരം സ്വന്തമാക്കിയത്.

Leave A Reply

Your email address will not be published.