സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് പകല്‍ പോലെ വ്യക്തം: സീതാറാം യെച്ചൂരി

0

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയ ആരോപണത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണത്തിന് പിന്നില്‍ ബി.ജെ.പി ആണെന്ന് പകല്‍ പോലെ വ്യക്തമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പ് നിറമുള്ള മാസ്‌കോ, വസ്ത്രങ്ങളോ ധരിക്കുന്നവരെ തടയാന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അങ്ങനെയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ഇതര സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണ്. സില്‍വര്‍ ലൈന്‍ കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ്. അനുമതി ലഭിക്കുന്ന മുറക്ക് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും യെച്ചൂരി വ്യക്തമാക്കി.

അതേസമയം കറുത്ത വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തി എന്ന ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.

കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും ആരുടെയും വസ്ത്രാവകാശം ഹനിക്കുകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചില നിറത്തിലുള്ള വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയെന്ന് പറയുന്നത് തികച്ചും തെറ്റായ പ്രചരണമാണെന്നും അത്തരത്തില്‍ ഒരു നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നിലനില്‍ക്കുമ്പോള്‍ ഒരു പ്രത്യേക വസ്ത്ര ധരിക്കാന്‍ പറ്റില്ല എന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു കൂട്ടം ആളുകള്‍ കേരളത്തില്‍ വഴി തടഞ്ഞു എന്ന് പറഞ്ഞ് കൊടിമ്പിരികൊള്ളുന്ന പ്രചരണം നടത്തുന്നുണ്ട്. വഴിനടക്കല്‍ സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും കേരളത്തിലുണ്ടാകില്ല.ചില ശക്തികള്‍ നിക്ഷിപ്ത താത്പര്യത്തോടെ വ്യാജപ്രചാരണം നടത്തുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാതെവരുമ്പോഴാണ് ഇത്തരത്തിലുള്ള കള്ളത്തരങ്ങളും പ്രചരിപ്പിക്കുന്നത്. സര്‍ക്കാര്‍ എപ്പോഴും ജനങ്ങള്‍ക്കൊപ്പമുണ്ടാകും. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.