സത്യത്തിന്റെ ശബ്ദമാണ് രാഹുല്‍, ബാരിക്കേഡുകള്‍ക്കും, പൊള്ളയായ ഭീഷണികള്‍ക്കും അതിനെ തടയാന്‍ കഴിയില്ല; ഇ.ഡി കേസില്‍ പ്രിയങ്ക ഗാന്ധി

0

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡിക്ക് മുന്‍പാകെ ഹാജരാകുന്ന രാഹുല്‍ ഗാന്ധിക്ക് പിന്തുണയറിയിച്ച് പ്രിയങ്ക ഗാന്ധി.

‘പൊലീസ് ബാരിക്കേഡുകള്‍, പൊള്ളയായ ഭീഷണികള്‍, ജലപീരങ്കികള്‍ എന്നിവയ്‌ക്കൊന്നും സത്യത്തെ തടയാന്‍ കഴിയില്ല. സത്യത്തിന്റെ ശബ്ദത്തെയാണ് രാഹുല്‍ ഗാന്ധി എന്ന് വിളിക്കുന്നത്,’ പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യുന്നതിനായി ദല്‍ഹിയിലെ ഇ.ഡി ഓഫീസിലേക്ക് പ്രിയങ്കയും രാഹുലിനെ അനുഗമിച്ചിരുന്നു.

അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാണ് രാഹുല്‍ യാത്രയാരംഭിച്ചത്. പ്രിയങ്കയ്ക്ക് പുറമെ കോണ്‍ഗ്രസ് എം.പിമാരും, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും, പ്രവര്‍ത്തകരും ഇ.ഡി ഓഫീസിലേക്ക് രാഹുല്‍ ഗാന്ധിയെ അനുഗമിച്ചിരുന്നു.2015ല്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണം അവസാനിപ്പിച്ചതായിരുന്നു.സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്റു 1938ല്‍ സ്ഥാപിച്ച പത്രമായിരുന്നു നാഷണല്‍ ഹെറാള്‍ഡ്. വലിയ വിവാദമായ കേസായിരുന്നു നാഷണല്‍ ഹെറാള്‍ഡ് കേസ്. പത്രമടങ്ങുന്ന എ.ജെ.എല്‍ (അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ്) എന്ന കമ്പനിയുടെ കോടിക്കണക്കിന് രൂപയുടെ ഓഹരികള്‍ യങ് ഇന്ത്യ എന്ന കമ്പനി രൂപീകരിച്ച് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തട്ടിയെടുത്തു എന്നായിരുന്നു കേസ്.

2012ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസുമായി കോടതിയെ സമീപിച്ചത്. അഞ്ച് ലക്ഷം രൂപ മാത്രം മൂലധനമായി രൂപീകരിച്ച കമ്പനിയാണ് യങ് ഇന്ത്യ എന്നും അതുപയോഗിച്ച് എ.ജെ.എല്‍ കമ്പനിയുടെ ഏതാണ്ട് 2000 കോടിയിലധികം രൂപ വരുന്ന ആസ്തികള്‍ തട്ടിയെടുത്തു എന്നാണ് കേസ്.

കമ്പനിയുടെ മറ്റ് പ്രസിദ്ധീകരണങ്ങളും ദല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി സ്ഥാപനത്തിന്റെ പേരിലുള്ള മറ്റ് വസ്തുക്കളും സോണിയയും രാഹുലും സ്വന്തം പേരിലാക്കി എന്നും കേസില്‍ ആരോപിച്ചിരുന്നു.ഇതിന്റെ ഭാഗമായി 90 കോടിയിലധികം രൂപ പലിശ രഹിത വായ്പയായി കോണ്‍ഗ്രസ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആ തുക തിരിച്ചടച്ചിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.

Leave A Reply

Your email address will not be published.