പ്രതിഷേധം’ എന്ന മുദ്രാവാക്യം വിളിച്ചാല്‍ അത് ഭീകരപ്രവര്‍ത്തനമാകുമോ? കെ.പി.സി.സി ആസ്ഥാനത്തിന് നേരെയുണ്ടായത് ഗുണ്ടായിസം: വി.ഡി. സതീശന്‍

0

തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും സംസ്ഥാനത്തുടനീളെ കോണ്‍ഗ്രസ് ഓഫീസുകളും ആക്രമിച്ച സി.പി.ഐ.എം ഗുണ്ടായിസം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

മുഖ്യമന്ത്രിക്ക് എതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധമാണ് യു.ഡി.എഫും കോണ്‍ഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചു വിട്ടത് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐ ഗുണ്ടകളുമാണെന്ന് സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സതീശന്റെ പ്രതികരണം.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാവായ എ.കെ. ആന്റണി ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സകല രാഷ്ട്രീയ മര്യാദകളും ലംഘിക്കുന്ന പ്രവര്‍ത്തിയാണ് സി.പി.ഐ.എം നേതാക്കളുടെ അറിവോടെ നടന്നതെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് എതിരായ പ്രതിപക്ഷ സമരത്തെ അക്രമം കൊണ്ട് അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും വഴിയില്‍ ഇറങ്ങാന്‍ സമ്മതിക്കില്ലെന്നാണ് സി.പി.ഐ.ഐമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും വെല്ലുവിളി. ആ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുന്നു. കേരളത്തിന്റെ തെരുവിലൂടെ നടക്കാന്‍ സി.പി.ഐ.എം അനുമതി ആവശ്യമില്ല.

വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചത് ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് വിചിത്രമാണ്. ‘പ്രതിഷേധം’ എന്ന മുദ്രാവാക്യം വിളിച്ചാല്‍ അത് എങ്ങനെയാണ് ഭീകരപ്രവര്‍ത്തനമാകുന്നത്. അതില്‍ നിയമലംഘനമുണ്ടെങ്കില്‍ കേസെടുക്കാം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച ഇ.പി. ജയരാജന് എതിരെയും കേസെടുക്കണം. മുഖ്യമന്ത്രിക്ക് എതിരായ സമരം ഇനിയും ശക്തമായി തുടരുമെന്നും സതീശന്‍ പറഞ്ഞു. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തില്‍ ഉണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ച് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറച്ചുനാളായി യു.ഡി.എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടര്‍ച്ച തന്നെയാണിത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബി.ജെ.പിയുടെ സഹായവും കിട്ടുന്നു. സര്‍ക്കാരിനെ സ്നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്.

ഇത്തരം അക്രമ-അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.