തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി മടങ്ങവേ പൊലീസ് വാഹനവും ലോറിയും കൂട്ടിയിടിച്ചു: ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

0

ന്യൂദല്‍ഹി: തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലെത്തിക്കുന്നതിനിടെ പൊലീസ് വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗജ്‌റൗലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

വെസ്റ്റ് ദല്‍ഹി ഹരിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയ സുഭാഷ് ചന്ദ് ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തി മടങ്ങുന്നതിനിടെയായിരുന്നു അപകടം.ബറേലി ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ ലോറി പൊലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് വെസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഗനശ്യാം ബന്‍സാല്‍ പറഞ്ഞു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹെസ് കോണ്‍സ്റ്റബിള്‍ രാജേന്ദര്‍ ചികിത്സയിലാണ്. രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ നേരിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

പൊലീസ് വാഹനത്തില്‍ ഇടിച്ച ശേഷം ലോറി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതായി ഇന്‍സ്‌പെക്ടര്‍ രാജീവ് തിവാരി പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അദ്ദേഹം അറിയിച്ചു. ഇരു വാഹനങ്ങളും വേഗത്തിലായിരുന്നതിനാല്‍ അപകടത്തിന്റെ ശരിയായ കാരണമെന്തെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചന്ദിന്റെ മൃതദേഹം അന്ത്യകര്‍മ്മങ്ങള്‍ക്കായി സ്വദേശമായ ഹിമാചലിലേക്ക് കൊണ്ടുപോകും. എല്ലാവരും ആഗ്രഹിക്കുന്ന തരത്തിലുള്ള കര്‍മ്മനിരതനായ പൊലീസ് ഉദ്യോഗസ്ഥനാണ് സുബാഷ് ചന്ദ് എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. എല്ലാവരോടും അനുകമ്പയും, തൊഴിലില്‍ പൂര്‍ണ ആത്മാര്‍ത്ഥയുമുള്ള ചന്ദിന്റെ വേര്‍പാട് പൊലീസ് സേനയ്ക്ക് തീരാനഷ്ടമാണെന്നും അവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.