സഞ്ജുവിന്റെ കാര്യത്തില്‍ സമ്പൂര്‍ണ നിരാശന്‍, ഒന്നോ രണ്ടോ മത്സരത്തില്‍ മികച്ച പ്രകടനം, പിന്നെ എങ്ങോ പോവുന്നു; തുറന്നടിച്ച് ഇന്ത്യന്‍ ലെജന്‍ഡ്

0

ഇന്ത്യന്‍ വിക്കറ്റ് കീപ്പറും രാജസ്ഥാന്‍ റോയല്‍സിന്റെ നായകനുമായ സഞ്ജു സാംസണിന്റെ കാര്യത്തില്‍ നിരാശനാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ലെജന്‍ഡുമായ കപില്‍ ദേവ്.

സഞ്ജു ഒന്നോ രണ്ടോ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ പരാജയപ്പെടുകയാണെന്നും കപില്‍ ദേവ് നിരീക്ഷിച്ചു.

അണ്‍കട്ടില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘നിങ്ങള്‍ വിക്കറ്റ് കീപ്പര്‍മാരെ കുറിച്ച് പറയുമ്പോള്‍ അവരെല്ലാവരും സമാനമായ രീതിയില്‍ മികച്ച പ്രകടനം നടത്തുന്നവരാണ്. എന്നാല്‍ മികച്ച ബാറ്ററുടെ കാര്യമെടുത്താല്‍ ഒരു നിശ്ചിത ദിവസത്തില്‍ അവര്‍ അവരുടെ ദി ബെസ്റ്റ് പുറത്തെടുക്കും.

റിഷബ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഇഷാന്‍ കിഷാന്‍, സഞ്ജു സാംസണ്‍ ഈ നാല് പേരെയും ഉപയോഗിച്ച് നിങ്ങള്‍ക്ക് മത്സരങ്ങള്‍ ജയിക്കാന്‍ സാധിക്കും. എന്നാല്‍ വൃദ്ധിമാന്‍ സാഹയാണ് ഇവരേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍. എന്നാല്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ ഇവര്‍ നാല് പേരും മികച്ചവരാണ്.

സഞ്ജു സാംസണിന്റെ കാര്യത്തില്‍ ഞാന്‍ ഏറെ നിരാശനാണ്. അവന്‍ വളരെയധികം കഴിവുള്ളവനാണ്. ഒന്നോ രണ്ടോ മത്സരങ്ങളില്‍ നന്നായി കളിക്കുന്നു, പിന്നെ ഒന്നും ചെയ്യുന്നില്ല.

നിലവില്‍ സ്ഥിരതയെക്കുറിച്ച് പറയുകയാണെങ്കില്‍, ദിനേഷ് കാര്‍ത്തിക് എല്ലാവരേക്കാളും മുന്നിലാണ്. പിന്നെ ഇഷാന്‍ കിഷനുണ്ട്, അവന്‍ സമ്മര്‍ദ്ദത്തിനടിമപ്പെട്ടിരിക്കുകയാണ്.ഐ.പി.എല്‍ ലേലത്തില്‍ ലഭിച്ച തുകയുടെ സമ്മര്‍ദ്ദമാവാം അവനെ അലട്ടുന്നത്. എനിക്ക് ഇത്രയും തുക ഇതുവരെ ലഭിച്ചിട്ടില്ല, അതുകൊണ്ട് എനിക്ക് ഇക്കാര്യം പറയാന്‍ സാധിക്കില്ല,’ കപില്‍ ദേവ് പറയുന്നു.

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരാകണമെന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ നന്നേ പാടുപെടേണ്ടിവരും. ഈ നാല് പേര്‍ക്കൊപ്പം കെ.എല്‍. രാഹുലും ചേരുന്നതോടെ അഞ്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാവും ഇന്ത്യയ്ക്കുണ്ടാവുക.

ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടക്കുന്ന ടി-20 ലോകകപ്പില്‍ ദിനേഷ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിക്കി പോണ്ടിങ് ആവശ്യപ്പെട്ടിരുന്നു.

‘ഞാന്‍ എന്തുതന്നെയായാലും അവനെ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളിപ്പിക്കുകയും ചെയ്യും.

റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി മത്സരം ഫിനിഷ് ചെയ്തതൊക്കെ അവിശ്വസിനീയമായ രീതിയിലാണ്. അവന്‍ അവന്റെ ഗെയിമിനെ മറ്റൊരു ലെവലിലേക്കാണ് എത്തിക്കുന്നത്,’ പോണ്ടിംഗ് പറയുന്നു.

ഐ.പി.എല്‍ 2022ല്‍ നിരവധി താരങ്ങള്‍ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നുവെന്നും എന്നാല്‍ സീസണില്‍ ഏറ്റവുമധികം ഇംപാക്ട് ഉണ്ടാക്കിയത് ദിനേഷ് കാര്‍ത്തിക്കാണെന്നും പോണ്ടിങ് പറഞ്ഞിരുന്നു.

 

Leave A Reply

Your email address will not be published.