രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മമത നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആം ആദ്മിയും, ടി.ആര്‍.എസും

0

ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും. യോഗം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പങ്കെടുക്കില്ലെന്ന പ്രഖ്യാപനവുമായി ഇരു പാര്‍ട്ടികളും രംഗത്തെത്തിയത്.

കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് ടി.ആര്‍.എസ് റിപ്പോര്‍ട്ട്.തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ വിഷയം പരിഗണിക്കൂവെന്ന് എ.എ.പി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

മമത യോഗം വിളിച്ചു ചേര്‍ത്ത രീതി ശരിയല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമെന്ന ആവശ്യം മാത്രം മുന്‍നിര്‍ത്തിയാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും നേരത്തെ പറഞ്ഞിരുന്നു.സാധാരണഗതിയില്‍ കോണ്‍ഗ്രസാണ് ഇത്തരത്തില്‍ യോഗം വിളിക്കാറുള്ളത്. ഇതാദ്യമായാണ് മമത ബാനര്‍ജിയുടെ കീഴില്‍ യോഗം ചേരുന്നത്.ബുധനാഴ്ച വൈകീട്ട് ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലായിരിക്കും യോഗം നടക്കുക.

കഴിഞ്ഞ ദിവസം യോഗവുമായി ബന്ധപ്പെട്ട് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറും മമത ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ബുധനാഴ്ച നടക്കാനിരിക്കുന്ന യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.മുതിര്‍ന്ന നേതാവും ജനങ്ങള്‍ക്ക് സ്വീകാര്യനുമായ പവാറിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ താത്പര്യപ്പെടുന്നുണ്ടെന്ന് എന്‍.സി.പി വ്യക്തമാക്കിയിരുന്നു.

ജൂണ്‍ 20നായിരിക്കും സ്ഥാനാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്തുക.
ചൊവ്വാഴ്ച മുംബൈയില്‍ നിന്നുമെത്തിയ പവാര്‍ സി.പി.ഐ.എമ്മിന്റെ സീതാറാം യെച്ചൂരിയുമായും, സി.പി.ഐയുടെ ഡി. രാജയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യസഭ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ചീഫ് വിപ്പ് ജയ്റാം രമേശ്, ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല എന്നിവരായിരിക്കും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുക.ജൂണ്‍ 15നായിരിക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനമിറങ്ങുക. ജൂണ്‍ 29വരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാം. ജൂണ്‍ 30നായിരിക്കും സ്ഥാനാര്‍ത്ഥി വിവരങ്ങള്‍ സൂക്ഷമപരിശോധന ചെയ്യുക. ജൂലൈ രണ്ട് വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ അവസരമുണ്ട്. നിലവില്‍ ജൂലൈ 18ന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ജൂലൈ 21നായിരിക്കും വോട്ടെണ്ണല്‍ നടത്തുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.