സ്‌ക്വിഡ് ഗെയിം മാതൃകയില്‍ റിയാലിറ്റി ഗെയിം ഷോ വരുന്നു; വിജയിക്ക് വന്‍ സമ്മാനത്തുക,തോറ്റാല്‍ ജീവന്‍ പോകുമോ ?

0

നെറ്റ്ഫ്‌ലിക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സീരീസുകളില്‍ ഒന്നാണ് സ്‌ക്വിഡ് ഗെയിം. വന്‍ ഹിറ്റായ സീരിസിന്റെ രണ്ടാം സീസണിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ലിക്‌സ് നടത്തിയത്.

ഇപ്പോഴിതാ സ്‌ക്വിഡ് ഗെയിം മാതൃകയില്‍ റിയാലിറ്റി ഗെയിം ഷോയും പ്രഖ്യാപിച്ചിരിക്കുകകയാണ് നെറ്റ്ഫ്‌ലിക്‌സ്. ലോകമെമ്പാടുമുള്ള ആര്‍ക്കും ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാമെന്ന് നെറ്റ്ഫ്‌ലിക്‌സ് പറയുന്നു. 456 മത്സരാര്‍ത്ഥികളാവും മത്സരത്തില്‍ ഉണ്ടാകുക. ‘സ്‌ക്വിഡ്  ഗെയിം ദി ചാലഞ്ച്’ എന്നാണ് ഗെയിം റിയാലിറ്റി ഷോയുടെ പേര്.21 വയസ് പൂര്‍ത്തിയായ ആര്‍ക്കും തന്നെ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് നെറ്റ്ഫ്‌ലിക്സ് പറയുന്നു. 2023 തുടക്കത്തിലാവും മത്സരം നടക്കുക. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരവും നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയിട്ടുണ്ട്. മത്സരത്തില്‍ വിജയിയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് 4.56 മില്യണ്‍ യു.എസ് ഡോളറിന്റെ( 35,57,21,268 ഇന്ത്യന്‍ രൂപ) സമ്മാനതുകയാണ് നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.

മത്സരത്തില്‍ നിന്ന് പുറത്താക്കുന്ന ആര്‍ക്കും തന്നെ ഒരു പരിക്ക് പോലും സംഭവിക്കില്ല എന്നും മത്സരത്തെ കുറിച്ചുള്ള അറിയിപ്പില്‍ നെറ്റ്ഫ്‌ലിക്‌സ് വ്യക്തമാക്കുന്നുണ്ട്. സ്‌ക്വിഡ് ഗെയിം കാസ്റ്റിങ്.കോം എന്ന വെബ്‌സൈറ്റിലൂടെയാണ് റിയാലിറ്റി ഗെയിം ഷോയില്‍ മത്സരിക്കാനായി അപേക്ഷിക്കേണ്ടത്.2021ല്‍ നെറ്റ്ഫ്‌ലിക്‌സ് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരിസുകളില്‍ ഒന്നായിരുന്നു സ്‌ക്വിഡ് ഗെയിം. കൊറിയന്‍ ചിത്രങ്ങള്‍ ഏറെ കാണുന്ന മലയാളി പ്രേക്ഷകരുടെ ഇടയിലും സിരീസിന് വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്.

പ്രത്യേകം തെരഞ്ഞെടുക്കപ്പെടുന്ന ആളുകളെ ഒരിടത്ത് എത്തിച്ച് അവരെ കൊണ്ട് ഗെയിമുകള്‍ കളിപ്പിക്കുകയും ഗെയിമില്‍ തോല്‍ക്കുന്നവരെ കൊന്നുകളയുകയും ചെയ്യും. അവസാന ഗെയിമും വിജയിക്കുന്ന വ്യക്തിക്ക് വലിയ തുക സമ്മാനമായി ലഭിക്കുന്നതുമാണ് സീരീസിന്റെ ഇതിവൃത്തം. സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ സ്‌ക്വിഡ് ഗെയിമിന്റെ വിജയത്തെ തുടര്‍ന്ന് കൊറിയന്‍ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും നെറ്റ്ഫ്‌ലിക്‌സ് തീരുമാനിച്ചിരുന്നു.

Leave A Reply

Your email address will not be published.