പള്ളികള്‍ക്ക് നോട്ടീസ് നല്‍കിയത് സര്‍ക്കാരിന്റെ അറിവോടെയല്ല; അതിവൈകാരികത സമുദായത്തിന് എതിരാളികളേയെ ഉണ്ടാക്കൂ: കെ.ടി. ജലീല്‍

0

തിരുവനന്തപുരം: കണ്ണൂര്‍ മയ്യിലിലെ പള്ളികള്‍ക്ക് വര്‍ഗീയ വിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തരുതെന്ന് നോട്ടീസ് നല്‍കിയതില്‍ വിശദീകരണവുമായി മുന്‍മന്ത്രി കെ.ടി. ജലീല്‍.

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീഴ്ച ചൂണ്ടിക്കാട്ടി കേരള സര്‍ക്കാരിനെതിരെ രാഷ്ട്രീയ ദുര്‍ലാക്കോടെ ദുഷ്പ്രചരണം നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും നോട്ടീസ് നല്‍കിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്നും ജലീല്‍ പറഞ്ഞു.കേരളത്തില്‍ മറ്റൊരിടത്തും ഇങ്ങിനെ സംഭവിച്ചിട്ടില്ല. ഇത്തരമൊരു നോട്ടീസ് നല്‍കിയത് പോലീസ് അധികാരികളുടെയോ സര്‍ക്കാരിന്റെയോ അറിവോടെയല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും നോട്ടീസ് വിഷയം ശ്രദ്ധയില്‍പെട്ട ഉടനെതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായാണ് അറിവെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വ്യക്തിയുടെ ഭാഗത്ത് നിന്ന് സംഭവിച്ച അബദ്ധം എന്നതിനപ്പുറത്തേക്ക് വലിച്ചു നീട്ടി ഇടതുപക്ഷ സര്‍ക്കാരിനെതിരെ സാധാരണക്കാരായ വിശ്വാസികളെ തിരിച്ചുവിട്ട് രാഷ്ട്രീയ ലാഭം കൊയ്യാനാണ് ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി ശ്രമിക്കുന്നത്. ആ ചതിക്കുഴിയില്‍ ആരും വീണു പോകരുതെന്നും അദ്ദഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ന്യൂനപക്ഷങ്ങള്‍ വിശിഷ്യാ മുസ്‌ലിങ്ങള്‍ അവരുടെ യഥാര്‍ത്ഥ മിത്രങ്ങളെയും ശരിയായ ശത്രുക്കളെയും വിവേചിച്ചറിയുന്നതില്‍ പരാജയപ്പെടുന്നതാണ് പലപ്പോഴും കാണുന്നത്. കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേക്ക് കയറെടുക്കുന്ന അതിവൈകാരികത സമുദായത്തിന് ചങ്ങാതിമാരെയല്ല എതിരാളികളെയാണ് ഉണ്ടാക്കിക്കൊടുക്കുക. ആ ബോധം ഇടതുപക്ഷ വിരോധികളായ ആവേശക്കമ്മിറ്റിക്കാര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു,’ ജലീല്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ്തുത നോട്ടീസ് കാണാനിടയായപ്പോള്‍ നിജസ്ഥിതി അറിയാന്‍ മയ്യില്‍ എസ്.എച്ച്.ഒ യെ വിളിച്ചിരുന്നുവെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന് സംഭവിച്ച വീഴ്ചയാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.