എവിടെ വിരാടും രോഹിത്തുമെല്ലാം? ട്വന്റി-20 റാങ്കിങില്‍ ആദ്യ പത്തില്‍ ഇടം നേടിയത് ഒരേയൊരു ഇന്ത്യന്‍ ബാറ്റര്‍

0

ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ മൂന്നാം മത്സരത്തിന് ശേഷം പുതുക്കിയ റാങ്കിങ്ങുകള്‍ പുറത്തു വിട്ടിരിക്കുകയാണ്. ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ബാബര്‍ തുടരുമ്പോള്‍ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

ലോകക്രിക്കറ്റിനെ അടക്കിവാഴുന്നവരെന്ന് സ്വയം വിശ്വസിക്കുന്ന ഇന്ത്യന്‍ ടീമിന് റാങ്കിങ്ങില്‍ കാര്യയമായി നേട്ടങ്ങളൊന്നുമില്ല. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്‌ലിയും, രോഹിത് ശര്‍മയും, കെ.എല്‍. രാഹുലിനൊന്നും ആദ്യ പത്തില്‍ ഇടം നേടാന്‍ സാധിച്ചില്ല.

ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ കളിക്കാരന്‍ ഓപ്പണിങ് ബാറ്റര്‍ ഇഷാന്‍ കിഷനാണ്. 689 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഇഷാന്‍ കിഷന്റെ റാങ്ക്. 14ാം സ്ഥാനത്തുള്ള രാഹുലാണ് ഏറ്റവും കൂടിയ റാങ്കുള്ള അടുത്ത ഇന്ത്യന്‍ ബാറ്റര്‍.

കഴിഞ്ഞ ഐ.പി.എല്ലില്‍ തന്റെ മെല്ലപ്പോക്കിന് ഒരുപാട് പഴികേട്ട ബാറ്ററാണ് കിഷന്‍. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി-20 പരമ്പരക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയപ്പോള്‍ പലരും നെറ്റി ചുലിച്ചിരുന്നു. എന്നാല്‍ മൂന്ന് മത്സരം കഴിഞ്ഞപ്പോള്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.

ആദ്യ മത്സരത്തില്‍ 76 റണ്‍സ് നേടിയ കിഷന്‍ രണ്ടാം മത്സരത്തില്‍ 34ും മൂന്നാം മത്സരത്തില്‍ 54ും റണ്ണുകള്‍ നേടിയിട്ടുണ്ട്. ആദ്യ രണ്ട് മത്സരത്തില്‍ ഇന്ത്യ തോറ്റപ്പോള്‍ മൂന്നാം മത്സരത്തില്‍ ക്ലിനിക്കല്‍ വിജയവുമായി ഇന്ത്യ പരമ്പരയില്‍ തിരിച്ചുവന്നു.

68 സ്ഥാനങ്ങള്‍ മുന്നേറിയാണ് താരം ആദ്യ പത്തില്‍ ഇടം നേടിയത്. ഈ കൊല്ലം ഇന്ത്യക്കായി ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററും കിഷന്‍ തന്നെയാണ്.

എട്ട് ഇന്നിങ്‌സില്‍ 340 റണ്ണാണ് താരം ഈ കൊല്ലം ഇന്ത്യക്കായി അടിച്ചുകൂട്ടിയിട്ടുള്ളത്. മൂന്ന് അര്‍ധസെഞ്ച്വറിയാണ് കിഷന്‍ അടിച്ചുകൂട്ടിയത്. 42.50ാണ് കിഷന്റെ ശരാശരി.

അതേസമയം ബൗളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും റാങ്കിങ്ങില്‍ ഇന്ത്യന്‍ നിരയില്‍ നന്നും ആരും ആദ്യ പത്തില്‍ ഇടം നേടിയിട്ടില്ല.

 

Leave A Reply

Your email address will not be published.