ജനങ്ങളുടെ മുഖത്തുനോക്കാന്‍ ഭയം, അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത്; ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ആം ആദ്മി

0

ന്യൂദല്‍ഹി: ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കാരണമാണ് ബി.ജെ.പി ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ബി.ജെ.പി മുടന്തന്‍ ന്യായങ്ങള്‍ പറയുകമാത്രമാണ് ചെയ്യുന്നതെന്നും എ.എ.പി ആരോപിച്ചു.

അമര്‍നാഥ് ക്ഷേത്രത്തിലെ തീര്‍ത്ഥാടനം കണക്കിലെടുത്ത് ആഗസ്റ്റ് 15ന് മുമ്പ് വോട്ടര്‍പട്ടിക പുനഃപരിശോധിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പിയെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചായിരുന്നു എ.എ.പി രംഗത്തുവന്നത്.

ബി.ജെ.പി ഇപ്പോള്‍ പറയുന്നത് നിസാരമായ വെറും ഒഴിവുകഴിവുകള്‍ മാത്രമാണെന്നും, വോട്ടര്‍ പട്ടിക പുനഃപരിശോധിച്ച് എത്രയും പെട്ടെന്ന് തന്നെ തെരഞ്ഞെടുപ്പ് നടത്താനുള്ള സംവിധാനമുണ്ടാക്കണമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് ഹര്‍ഷ് ദേവ് സിങ് പറഞ്ഞു.

ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പറ്റാത്തതിനാല്‍ തോല്‍വി ഭയന്ന് ബി.ജെ.പി ഇപ്പോള്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്നു.

തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് മാറ്റിവെക്കാനും കേന്ദ്രഭരണ പ്രദേശത്ത് തങ്ങളുടെ അധികാരം നിലനിര്‍ത്തി കടിച്ചുതൂങ്ങാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്,’ ഹര്‍ഷ് ദേവ് പറഞ്ഞു.

എത്രയും പെട്ടന്ന് തന്നെ അസംബ്ലി തെരഞ്ഞെടുപ്പ് നടത്താനാവശ്യപ്പെട്ട എ.എ.പി നേതാവ് തെരഞ്ഞെടുപ്പ് നീട്ടി വെക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും കോടതി ഉത്തരവുകളെ ലംഘിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു.

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളുടെ കാലത്ത് കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട തീവ്രവാദം ഗണ്യമായി കുറച്ചുവെന്നും എന്നാല്‍ കേന്ദ്രഭരണപ്രദേശമാക്കി പ്രോക്‌സി ഭരണം കയ്യാളിയതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള ഭരണം അതിന് വീണ്ടും പുനര്‍ജീവന്‍ നല്‍കിയതുപോലെയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ക്ക് തങ്ങളുടെ ആവലാതിയോ ആശങ്കയോ തുറന്നുപറയാന്‍ ഒരു ഇടം ഇല്ലാതായി മാറിയെന്നും ജനങ്ങള്‍ ഏറെ കഷ്ടപ്പെടുകയാണെന്നും പറഞ്ഞ അദ്ദേഹം എത്രയും പെട്ടന്ന് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.